റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉള്ളതെല്ലാം വിറ്റ് പെറുക്കി 23,000 അടി ഉയരത്തിലുള്ള ഗ്രാമത്തിനായി വഴി നിര്‍മ്മിച്ച 79കാരന് പത്മശ്രീ

January 29, 2021 - 11:05 pm

ന്യൂ ഡൽഹി: സമുദ്രനിരപ്പില്‍ നിന്ന് 11,500 മുതല്‍ 23,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ ജില്ലയിലെ കാര്‍ജ്യാക് ഗ്രാമം. 2014 വരെ ആ നാട്ടിലേക്ക് എത്തിച്ചേരാനും അവിടെയുള്ളവര്‍ക്ക് മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാനും നല്ലൊരു റോഡില്ലായിരുന്നു. അധികാരികളോട് നാട്ടുകാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും പരിഹാരമുണ്ടായില്ല.

1965 മുതല്‍ 2000 വരെ സംസ്ഥാന കരകൗശല വകുപ്പിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു മെമെ ചോന്‍ജോര്‍ എന്നറിയപ്പെടുന്ന സുല്‍ട്രിം ചോന്‍ജോറിന്റെ ഗ്രാമമായിരുന്നു അത്. ഒരു സുപ്രഭാതത്തില്‍ സുല്‍ട്രിം ചോന്‍ജോര്‍ തന്റെ പൂര്‍വ്വിക സ്വത്ത് വിറ്റു. ഒപ്പം അതുവരെ സമ്പാദിച്ച തുകയും എല്ലാം ചേര്‍ത്ത് 57 ലക്ഷം രൂപയും എടുത്ത് കാര്‍ജ്യാക് ഗ്രാമത്തിലേക്ക് 38 കിലോമീറ്റര്‍ ദൂരം വരുന്ന ഒരു റോഡ് നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിച്ചു. ഈ റോഡിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അവിടെ നിലയുറപ്പിച്ച സുരക്ഷാ സേന അദ്ദേഹത്തോട് അന്വേഷിച്ചു. ”എന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ഞാന്‍ അവരെ അറിയിച്ചതിനു ശേഷം കൂടുതല്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല” -മെമെ ചോന്‍ജോര്‍ പറയുന്നു.

റോഡിന് അനുകൂലമായിരുന്ന ചില നാട്ടുകാരും അദ്ദേഹത്തെ സഹായിച്ചു. പ്രാദേശിക കൗണ്‍സിലറില്‍ നിന്ന് 5 ലക്ഷം രൂപയും ഒരു പ്രാദേശിക വ്യാപാരിയില്‍ നിന്ന് 2.5 ലക്ഷം രൂപയും അദ്ദേഹത്തിന് ലഭിച്ചു.സമുദ്രനിരപ്പില്‍ നിന്ന് ശരാശരി 3500 മീറ്റര്‍ (11,500 അടി) ഉയരത്തില്‍ ഒരു റോഡ് നിര്‍മ്മിക്കുന്നത് മെന്‍സ് ചോഞ്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചു. നാലോ അഞ്ചോ മാസം മാത്രമാണ് ജോലി നടന്നത്. കാരണം കഠിനമായ ശൈത്യകാലത്ത് ഈ ഭാഗങ്ങളിലെ താപനില -30-35 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വരും എന്നിരുന്നാലും അദ്ദേഹം അതില്‍ നിന്ന് പിന്മാറിയില്ല.

നീണ്ട നാളത്തെ കഷ്ടപ്പാടുകള്‍ക്ക് ഒടുവില്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ കഴിയുന്ന ഒരു റോഡ് നിര്‍മ്മിക്കാന്‍ അദ്ദേഹത്തിനായി. പിന്നീട് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ഈ പാതയുടെ വീതികൂട്ടല്‍ നിര്‍മ്മാണം ഏറ്റെടുത്തു. ഈ റോഡ് നിര്‍മ്മാണത്തിന് ഇറങ്ങി തിരിച്ച അദ്ദേഹത്തെ രാജ്യം ആദരിച്ചത് 72-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്മശ്രീ അവാര്‍ഡ് നല്‍കിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *