ഹെലികോപ്‌ടര്‍ മാറ്റിസ്ഥാപിക്കണമെന്ന്‌ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: “കലയില്‍ വിട്ടുവീഴ്‌ചയില്ല ഹെലികോപ്‌ടര്‍ ശില്‍പ്പത്തിനടുത്ത്‌ പാടില്ല” ഇന്നലെ ശംഖുംമുഖത്തെത്തിയ കാനായി കുഞ്ഞിരാമന്‍ മന്ത്രി കടകംപളളി സുരേന്ദ്രനോടും ടൂറിസം വകുപ്പുദ്യോഗസ്ഥരോടും പറഞ്ഞു. തൊട്ടപ്പുറത്തുളള കുട്ടികളുടെ പാര്‍ക്കില്‍ ഹെലികോപ്‌ടര്‍ സ്ഥാപിക്കാമെന്നും ഇപ്പോള്‍ ഹെലികോപ്‌ടര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത്‌ അനുയോജ്യമായ മറ്റൊരു ശില്‍പ്പം നിര്‍മ്മിക്കാമെന്ന നിദ്ദേശവും അദ്ദേഹം നല്‍കി. ഇന്നലെ വൈകിട്ട്‌ മന്ത്രി ക്ഷണിച്ചതനുസരിച്ചാണ്‌ കാനായി ശംഖുംമുഖത്തെത്തിയത്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍, സക്കറിയ ,സൂര്യ കൃഷ്‌ണമൂര്‍ത്തി എമ്മിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

എയര്‍ഫോഴ്‌സ്‌ നല്‍കിയ ഹെലികോപ്‌ടര്‍ അവിടെ സ്ഥാപിച്ചതില്‍ ശില്‍പ്പിക്കുണ്ടായ മനോ വിഷമത്തില്‍ ഖേദമുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. സാഗര കന്യക ശില്‍പം നവീകരിക്കുന്നതിന്‌ പദ്ധതി തയ്യാറാക്കാമെന്ന്‌ അദ്ദേഹം അറിയിച്ചു. ഹെലികോപ്‌ടര്‍ സ്ഥാപിക്കുന്നതിന്‌ 68 ലക്ഷം രൂപ ചെലവായി എന്നും അത്‌ അവിടെ നിലനിര്‍ത്തിക്കൊണ്ട്‌ പ്രദേശത്ത്‌ കൂടുതല്‍ ഹരിത ഭംഗി വരുന്ന രീതിയില്‍ മരങ്ങളും മറ്റും വച്ചുപിടിപ്പിക്കാമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.,തെറ്റായ രീതിയില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം പൊളിച്ചില്ലേ, പിന്നെ ഹെലികോപ്‌ടര്‍ മാറ്റിക്കൂടേ എന്നായിരുന്നു കാനായിയുടെ മറുചോദ്യം

ഇതിനിടെ പ്രദേശത്ത്‌ എത്തിയ ഒരുകൂട്ടം ആളുകള്‍ ഹെലികോപ്‌ടര്‍ മാറ്റുന്നതിനെ എതിര്‍ത്തു. ഹെലികോപ്‌ടര്‍ മാറ്റുന്നതിന്‌ അനുവദിക്കില്ലെന്നും നിലവിലുളള സ്ഥലത്തുതന്നെ സ്ഥാപിക്കണമെന്നും പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സേന നല്‍കിയിതാണ്‌ ഹെലികോപ്‌ടറെന്നും സ്‌ത്രീകളുള്‍പ്പെടുളളവര്‍ വാദിച്ചു. ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തുറന്ന ഇടത്ത്‌ വാഗ്വാദം നടത്തിയല്ല തീരുമാനിക്കേണ്ടതെന്ന്‌ സൂര്യ കൃഷ്‌ണമൂര്‍ത്തിയുള്‍പ്പടെയുളളവര്‍ പറഞ്ഞു. കുറച്ചുകൂടി സമയമെടുത്ത്‌ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയാണ്‌ പിന്നീടുണ്ടായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →