കൊച്ചി: കൊച്ചിയിലെ ലുലു ഷോപ്പിങ് മാളില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ പ്രതികളെ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും ഒളിവില്‍ പോയത് നിയമോപദേശം കിട്ടിയതുകൊണ്ടാണ് എന്നും പ്രതികൾ പറഞ്ഞു.
അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്ശിച്ചിട്ടില്ലെന്നും
നടിയുടെ പിറകെ നടന്നിട്ടില്ല എന്നും ഇവര്‍ പറയുന്നു. ലുലു ഷോപ്പിങ് മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടിയെ കണ്ടപ്പോൾ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ നടിയാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടർന്ന് നടിയുടെ അരികിലെത്തി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരി ഗൗരവത്തിൽ മറുപടി നൽകിയതോടെ തിരിച്ചു പോരുകയായിരുന്നെന്നും പ്രതികൾ ന്യായീകരിക്കുന്നു.
കൊച്ചിയിൽ എത്തിയത് ജോലി ആവശ്യത്തിനായാണ്. തിരിച്ചു പോകാനുള്ള തീവണ്ടി വൈകുമെന്നറിഞ്ഞപ്പോഴാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കള്‍ പറയുന്നു.
സംഭവം വിവാദമാകുകയും പോലീസ് ഇടപെട്ടതും അറിഞ്ഞ് പെരിന്തല്‍മണ്ണയിലെ ഒരു അഭിഭാഷകനെ സമീപിച്ച് നിയമോപദേശം തേടി. ഇതനുസരിച്ചാണ് ഒളിവില്‍ പോയത്.
17-12-2026 വ്യാഴാഴ്ച വൈകീട്ടാണ് വിവാദമായ സംഭവം നടന്നത്. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഐജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി സിഐ സ്വമേധയാ കേസെടുക്കുകയായിരുന്നു. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞവർ നൽകിയ വിവരമാണ് അന്വേഷണം യുവാക്കളിലേക്ക് എത്തിച്ചത്.
മാളില്‍നിന്ന് ഒന്നും വാങ്ങാതെയാണ് ഇവര്‍ മടങ്ങിയതെന്നും പോലീസ് കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മലപ്പുറത്ത് എത്തിയിട്ടുണ്ട്.

