ന്യൂഡല്‍ഹി: ഞങ്ങള്‍ക്ക് കുളിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് കുളിക്കാനോ വസ്ത്രങ്ങള്‍ മാറ്റാനോ ഇടമില്ല. ഇവിടെ രണ്ടാഴ്ചയായി, മിക്ക ടോയ്ലറ്റുകളും ഉപയോഗിക്കാന്‍ കഴിയില്ല. ഫുട്പാത്തുകളും അഴുക്കുചാലുകളും ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നു. ഇത് ശുചിത്വമില്ലാത്തതാണ്, പക്ഷേ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗമില്ല-കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഡല്‍ഹിയിലെത്തിയ അമൃത്സറിലെ വ്യാപാരിയായ ഗുര്‍മീത് സിംഗിന്റെ വാക്കുകളാണിത്. തലസ്ഥാനത്ത് രണ്ടാഴ്ചയിലധികമായി തങ്ങുന്ന കര്‍ഷകര്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ നേരിടുന്നത് വലിയ ആരോഗ്യ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ട്.
ദിവസം തോറും സമരത്തിനെത്തുന്ന ആള്‍ക്കൂട്ടം വലുതാകുന്ന അവസ്ഥായാണ്. സിങ്കു അതിര്‍ത്തിയില്‍ 20-25 താല്‍ക്കാലിക ടോയ്ലറ്റുകള്‍ മാത്രമേ സജ്ജമാക്കിയിട്ടുള്ളൂ. ജനക്കൂട്ടത്തിന്റെ ആവശ്യത്തേക്കാള്‍ വളരെ കുറവാണത്. ഇവയില്‍മിക്കതും ഉപയോഗിക്കാന്‍ കഴിയാത്തത്ര വൃത്തികെട്ടവയുമാണ്. വാഷ്റൂമുകള്‍ വൃത്തിയാക്കാന്‍ കര്‍ഷക സംഘങ്ങള്‍ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്, പക്ഷേ കാലിടറിയാല്‍ അപകടമാണ് കാത്തിരിക്കുന്നതെന്നും ഹരിയാനയില്‍ നിന്നുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ അംഗം രാകേഷ് ബെയ്സ് പറഞ്ഞു.നിരവധി കര്‍ഷകര്‍ ഹോട്ടലുകളിലേക്കും കടകളിലേക്കും ബദല്‍ മാര്‍ഗങ്ങള്‍ തേടി പോവാറുണ്ട്. ഈ സ്ഥലങ്ങള്‍ പ്രതിഷേധ സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. എല്ലാ സ്ഥലങ്ങളും അവരെ സ്വാഗതം ചെയ്യാന്‍ തയ്യാറുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, ഹരിയാനയിലെ ജില്ലാ അധികൃതര്‍ കൂടുതല്‍ മൊബൈല്‍ ടോയ്ലറ്റുകള്‍ സോനെപേട്ടിന് സമീപം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും വൃത്തിഹീനമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. പ്രതിഷേധ സ്ഥലത്ത് അഞ്ഞൂറിലധികം ശൗചാലയങ്ങളുണ്ടെന്ന് കുണ്ട്‌ലിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാലിന്യം ശേഖരിക്കുന്നതിനും വാഷ്റൂമുകള്‍ വൃത്തിയാക്കുന്നതിനും ഞങ്ങള്‍ തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും 17,000 ത്തിലധികം ആളുകള്‍ അവിടെയുണ്ട്. ഇത് പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗാസിയ്പൂരില്‍ ഗാസിയാബാദ് നഗര്‍ നിഗം, ഖോറ-മകാന്‍പൂര്‍ നഗര്‍ പാലിക പരിഷത്ത് എന്നിവ പോര്‍ട്ടബിള്‍ വാഷ്റൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയും ഇതേ പ്രശ്‌നം നിലനില്‍ക്കുകയാണ്.




