ലക്നൗ: മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയ ഉത്തർപ്രദേശിൽ ആദ്യ അറസ്റ്റ് . യുവതിയെ മതം മാറാൻ പ്രേരിപ്പിച്ചൂവെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു ഇസ്ലാം മതം സ്വീകരിക്കാനായി ഒരു ഹിന്ദു യുവതിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും മാതാപിതാക്കൾ എതിർത്തപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ബറേലിയിലെ ഒവായ്സ് അഹ്മദ് (21) എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചു നാളുകളായി പ്രതി ഒളിവിലായിരുന്നുവെന്നും നവംബർ 28 മുതൽ പോലീസ് ഇയാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും ബറേലി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 504, 506 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഒവായ്സ് യുവതിയെ മതപരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായി യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഇയാൾ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

