തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടു തട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ സി പി എമ്മിന്റെ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. ചൊവ്വാഴ്ച (01/12/2020) രാവിലെയാണ് യോഗം തുടങ്ങിയത്. യോഗത്തിൽ പ്രധാന ചർച്ച വിഷയം കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡും തുടർന്നുണ്ടായ പരസ്യ പ്രതികരണങ്ങളും വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുരുങ്ങിക്കിടക്കുന്ന സര്‍ക്കാരിനേയും പാര്‍ട്ടിയേയും കെഎസ്എഫ്ഇയിലെ പരിശോധന കൂടുതല്‍ പ്രതിരോധത്തിലാക്കി. പരിശോധന നടന്ന രീതിയിലെ അസ്വാഭാവികതകളാണ് സിപിഐഎമ്മിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. സാധാരണ വിജിലന്‍സ് റെയ്ഡുകള്‍ക്കൊടുവില്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല.
കെഎസ്എഫ്ഇയില്‍ ആകെ കുഴപ്പമാണെന്ന മട്ടില്‍ പ്രചാരണം നടന്നതുകൊണ്ടാണ് തോമസ് ഐസക്ക് രൂക്ഷമായി പ്രതികരിച്ചത്. ആനത്തലവട്ടം ആനന്ദനും ഒപ്പംകൂടി. എന്നാല്‍ ഈ ആരോപണങ്ങളെയാകെ നിരാകരിക്കുകയായിരുന്നു തിങ്കളാഴ്ച(30/11/2020) വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി. കാരണക്കാരനെന്ന് ആക്ഷേപമുയര്‍ന്ന പോലീസ് ഉപദേഷ്ടാവിനെ കൈയയച്ചു ന്യായീകരിക്കുകയും ചെയ്തു.
പരസ്യപ്രതികരണങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുമെങ്കിലും, വിജിലന്‍സ് ഔചിത്യം കാണിക്കണമായിരുന്നുവെന്ന നിലപാട് പാര്‍ട്ടി യോഗങ്ങളില്‍ ഉയര്‍ന്നുവരും. മുഖ്യമന്ത്രിയെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും പരിശോധനയിലെ അപാകതകളും ചൂണ്ടിക്കാണിക്കപ്പെടും. തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകണമെന്ന നിലപാടിലാണ് നേതൃത്വം.