ചെന്നൈ: വയലിന് വിദ്വാന് പ്രൊഫ. ടി.എന്‍. കൃഷ്ണന്(92) അന്തരിച്ചു. പത്മഭൂഷന്‍ ജേതാവാണ്.വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സംഗീതലോകത്ത് വല്ലിനം-മെല്ലിനം ശൈലി എന്നു വിളിക്കപ്പെട്ട വാദരരീതിയ്ക്ക് പുറമേ,വയലിന് ഒരേ സമയം ഏകവാദ്യമായിട്ടും വായ്പ്പാട്ടിനും മറ്റും അകമ്പടിയായിട്ടും ഉപയോഗിക്കാന്‍ ആരംഭിച്ച വിദ്വാന്മാരിലൊരാളിയിരുന്നു അദ്ദേഹം.ജന്മം കൊണ്ട് കേരളീയനായിരുന്ന ടി.എന്‍.കെ. തന്റെ കലാസേവനം അധികവും കേരളത്തിന് പുറത്താണ് തെളിയിച്ചിട്ടുള്ളത്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം വയലിന് വായിച്ചിട്ടുണ്ട്. തോഡി, കല്യാണി, സിന്ധുഭൈരവി, ഹംസാനന്ദി, ചാരുകേശി എന്നിങ്ങനെ ടി.എന്‍.കെ. വയലിനില്‍ വായിച്ച ഓരോ രാഗവും ആസ്വാദകരുടെ മനം കവര്‍ന്നവയാണ്.
കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും സേവനം അനുഷ്ടിച്ചു.രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി കച്ചേരികള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ പര്യടനത്തിനിടെ നടത്തിയ 55 കച്ചേരികള്‍ ചരിത്രമായി. ഇതേവരെയായി 25000ലേറെ കച്ചേരികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ഭാഗവതര്‍മഠത്തില്‍ ഫിഡില്‍ ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന എ.നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിനാണ് ജനനം. അച്ഛനില്‍നിന്നാണ് സംഗീതംപഠിച്ചത്. മൂന്നാംവയസ്സുമുതല്‍ വയലിന് പഠിച്ചുതുടങ്ങി. ഏഴാംവയസ്സില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. എറണാകുളം ശ്രീ രുദ്രവിലാസം സ്കൂളില്‍ ഏഴാംക്ലാസ്വരെ പഠിച്ചു. പിന്നീട് തിരുവനന്തപുരത്തേക്കു താമസം മാറി. മാലിയുടെ കച്ചേരിക്ക് വയലിന് വായിക്കാനായി ചെന്നൈയിലേക്ക് പോയശേഷം അവിടെ തുടര്‍ന്നു.
1938-39ല്‍ തൃശിനാപ്പിള്ളി റേഡിയോ സ്റ്റേഷനില്‍ വയലിന് വായിക്കാന്‍ തുടങ്ങിയ പ്രൊഫ. ടി.എന്‍. കൃഷ്ണന് ആകാശവാണി ദേശീയ ആര്ട്ടിസ്റ്റ്കൂടിയാണ്.കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ചെന്നൈ മ്യൂസിക് അക്കാദമിയില്‍ പ്രൊഫസറായി ചേര്‍ന്ന അദ്ദേഹം പ്രിന്‍സിപ്പലായിരിക്കവേയാണ് 1964 -ല്‍ അവിടെ നിന്ന് പിരിയുന്നത്. പിന്നീട് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മ്യൂസിക് വിഭാഗം ഡീനായി കുറെകാലം പ്രവര്‍ത്തിച്ചു.പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് ഭാര്യ. ഹിന്ദുസ്ഥാനിയിലെ പ്രശസ്ത വയലിന്‍വാദക എന്‍. രാജം ടി എന്‍.കൃഷ്ണന്റെ സഹോദരിയാണ്. ടി.എന്‍.കെയുടെ മക്കള്‍ വിജി കൃഷ്ണന് നടരാജനും ശ്രീറാം കൃഷ്ണനും ഇന്ന് അച്ഛന്റെ വഴിയില്‍തന്നെയുണ്ട്.



