ട്രംപോ ബൈഡനോ, ആര് ഭരിക്കും, ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്ക്

വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡൻ്റായി തുടരുമോ, ജോ ബൈഡനെന്ന കരുത്തനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി പ്രസിഡൻ്റ് സ്ഥാനത്തേക്ക് വരുമോ . ലോകത്തിൻ്റെ കണ്ണും കാതും അമേരിക്കയിലേക്കാണ്. ഒരു പക്ഷേ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇക്കുറി അമേരിക്കയിൽ നടക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച (03/11/2020) പുലര്‍ച്ചെ അഞ്ചിന് (ഇന്ത്യൻ സമയം വൈകിട്ട് 4 മണിക്ക്) ആരംഭിക്കുന്ന പോളിങ് ചിലയിടത്ത് രാത്രി 11 വരെ നീളും. വോട്ടെണ്ണല്‍ കഴിയുമ്ബോള്‍ തന്നെ വാര്‍ത്താ മാധ്യമങ്ങളുടെ എക്സിറ്റ് പോളിലൂടെ ഫലം അറിയാറുണ്ടെങ്കിലും ഇത്തവണ അത് അത്ര ഉറപ്പില്ല. സ്ഥാനാര്‍ഥികളില്‍ ഒരാള്‍ തര്‍ക്കത്തിന് പഴുതില്ലാതെ വന്‍ മുന്നേറ്റം നടത്തിയാല്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച (04/11/20) രാവിലെ ഫലം അറിയാനായേക്കും.

538 അംഗ ഇലക്ടറല്‍ കോളേജിലേക്ക് 270 അംഗങ്ങളെ ലഭിക്കുന്നയാള്‍ വിജയിക്കും. റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡൻ്റുമായ ഡോണാള്‍ഡ് ട്രംപിനെതിരെ ഒബാമയുടെ കാലത്തെ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ഥി.

ബൈഡന്റെ മത്സരപങ്കാളിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍–ആഫ്രിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് ആണ്.

യുഎസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭയിലെ 435 സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കൂടാതെ 11 സംസ്ഥാനങ്ങളിലും രണ്ട് യുഎസ് അധീന പ്രദേശങ്ങളിലും ഗവര്‍ണര്‍ സ്ഥാനത്തേക്കും ചൊവ്വാഴ്ച തെരഞ്ഞെടുപ്പുണ്ട്. തെരഞ്ഞെടുപ്പുകാലത്തെ പല പതിവുകളും മഹാമാരി മൂലം മാറ്റിവയ്ക്കേണ്ടിവന്ന ഇത്തവണ മുന്‍കൂര്‍ വോട്ടും തപാല്‍ വോട്ടും വളരെ വര്‍ധിച്ചതിനാല്‍ 9.3 കോടി വോട്ടര്‍മാര്‍ ഞായറാഴ്ചയ്ക്കകം വോട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞതവണ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 65 ശതമാനത്തിലധികമാണിത്.

Share
അഭിപ്രായം എഴുതാം