റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം :  സംസ്ഥാനത്തിന്റെ  സാംസ്‌കാരിക രംഗത്ത്  ചലനാത്മകമായ  കാലം തീര്‍ക്കാന്‍ സാംസ്‌കാരിക വകുപ്പിന് കഴിഞ്ഞെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വാര്‍ത്താ സമ്മേളനത്തിന്‍ പറഞ്ഞു. സാംസ്‌കാരിക രംഗത്ത്  ഭാവനാപൂര്‍ണവും ഫലപ്രദവുമായ  ഇടപെടലാണ്  വകുപ്പ് നടത്തിയത്. നവോത്ഥാന സാംസ്‌കാരിക സമുച്ചയം, വജ്രജൂബിലി ഫെലോഷിപ്പ്, നാട്ടരങ്ങ്, റൂറല്‍ ആര്‍ട്ട് ഹബ് തുടങ്ങിയ നൂതന പദ്ധതികള്‍ സാംസ്‌കാരിക രംഗത്തിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമായവയാണ്. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന കലാകാര പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് മൂവായിരം രൂപയായും കുടുംബ പെന്‍ഷന്‍ 750 രൂപയില്‍ നിന്നും 1500 രൂപയായും വര്‍ദ്ധിപ്പിച്ചു. കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക്  സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പെന്‍ഷന്‍ 750 രൂപയില്‍ നിന്നും 1500 രൂപയാക്കി. അടിയന്തര ചികിത്സാസഹായ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് പരമാവധി ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത്  പെന്‍ഷന്‍  കിട്ടാത്ത 32000 കലാകാരന്‍മാര്‍ക്ക് 2000  രൂപ വീതം ധനസഹായം നല്‍കി. 6.40 കോടി രൂപയാണ് ഇങ്ങനെ വിതരണം ചെയ്തത്. മൂന്ന് കോടി രൂപയുടെ സഹായം കൂടി ഈ രീതിയില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വൈവിധ്യ സമ്പൂര്‍ണമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി വിപുലമായി ആചരിച്ചു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മാരകമായി തിരുവനന്തപുരത്ത്  ഒബ്‌സര്‍വേറ്ററി ഹില്‍സില്‍ 1.19 കോടി രൂപ ചെലവില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികത്തോട് അനുബന്ധിച്ച് ‘രക്തസാക്ഷ്യം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.  ഗാന്ധിജി മൂന്ന്  തവണ സന്ദര്‍ശനം നടത്തിയ പാലക്കാട്ടെ ശബരി ആശ്രമത്തില്‍ ഗാന്ധിസ്മൃതി മന്ദിരത്തിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. നവോത്ഥാന നായകരുടെ സ്മാരകമായി പാലക്കാട്, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും മാനുഷികതയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാനും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുവാനും  കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് നല്‍കുന്ന വിവിധ പുരസ്‌കാങ്ങളുടെ തുക വര്‍ദ്ധിപ്പിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് കലാപഠനം പൂര്‍ത്തിയാക്കി   യോഗ്യത നേടിയ 1000 ചെറുപ്പക്കാര്‍ക്ക് 15000  രൂപ വീതം പ്രതിമാസം ഫെലോഷിപ് നല്‍കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതി രാജ്യത്തൊരിടത്തുമില്ലാത്ത പദ്ധതിയാണ്. 174 ക്ലസ്റ്ററുകളിലായി ഒരുലക്ഷം പേര്‍ക്കാണ് ഇവര്‍ കലാപരിശീലനം നല്‍കുന്നത്. കഴക്കൂട്ടത്ത് നടന്‍ സത്യന്റെ സ്മാരകമായി  ഇന്റര്‍നാഷണല്‍ ഫിലിം സ്റ്റഡി റിസര്‍ച്ച് സെന്റര്‍ & ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ് നിര്‍മ്മിച്ചു. നിത്യഹരിതനായകനായ പ്രേംനസീറിന്  സ്വന്തം നാടായ ചിറയിന്‍കീഴില്‍ പ്രേംനസീര്‍  സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങി. ചലച്ചിത്ര അക്കാദമിക്ക് ആസ്ഥാനമന്ദിരമുണ്ടാക്കി. മലയാളം മിഷന്റെ പ്രവര്‍ത്തനം  43 രാജ്യങ്ങളിലും  24 സംസ്ഥാനങ്ങളിലും  വ്യാപിപ്പിച്ചു. മലയാളം റേഡിയോ പ്രവര്‍ത്തനം തുടങ്ങി. ഗ്രാമീണ കലാകാരന്‍മാര്‍ക്കും കരകൗശലക്കാര്‍ക്കും ഉപജീവനം സാധ്യമാക്കുന്ന റൂറല്‍ ആര്‍ട്ട് ഹബ്ബ് പദ്ധതി 20 കേന്ദ്രങ്ങളില്‍ നടപ്പിലാക്കുകയാണ്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും ‘നാട്ടരങ്ങ്’ എന്ന സാംസ്‌കാരിക ഇടനാഴി നിര്‍മിക്കുന്ന പദ്ധതി ആരംഭിച്ചു. നാദാപുരത്ത്  മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഉപകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി 18 ഇടങ്ങളിലായി 22 ആര്‍ട്ട് ഗാലറികള്‍ നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.

പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ എം.ഡി. രാമനാഥന് ജന്‍മനാടായ  കണ്ണമ്പ്രയില്‍ ഒരു കോടി രൂപ ചെലവില്‍ സ്മാരക മന്ദിരം  നിര്‍മ്മിച്ചു. കവി എന്‍.എന്‍. കക്കാട്, കവി കുഞ്ഞുണ്ണി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വെള്ളൂര്‍ പി. രാഘവന്‍ എന്നിവരുടെ സ്മാരകങ്ങളും ഉദ്ഘാടനം ചെയ്തു. വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി കോട്ടായിയില്‍   സംഗീത പൈതൃകഗ്രാമം ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചു. കഥാപ്രസംഗ കലയിലെ കുലപതിയായ വി. സാംബശിവന്  കൊല്ലം ചവറയില്‍ നിര്‍മിക്കുന്ന സ്മാരകം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് ഗോവിന്ദ പൈ  സ്മാരകം, കൊല്ലം ശാസ്താംകോട്ടയിലെ  ബസവേശ്വര സ്മാരകം എന്നിവയും ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഇന്ദുചൂഡന്റെ സ്മാരകത്തിന്റെ നിര്‍മാണം കാവശ്ശേരിയിലും, മഹാകവി ഒളപ്പമണ്ണയുടെ സ്മാരക നിര്‍മാണം പെരിങ്ങോട്ടുകുറുശ്ശിയിലും ആരംഭിച്ചു. ചെറായിയില്‍ പണ്ഡിറ്റ് കറുപ്പന് സ്മാരകമുണ്ടാക്കുന്നതിന്റെ നിര്‍മാണപ്രവര്‍ത്തനവും തുടങ്ങി. ടൂറിസം വകുപ്പുമായി സഹകരിച്ചു തസ്രാക്കില്‍ ഒ.വി. വിജയന്‍ സ്മാരകത്തോടനുബന്ധിച്ച് ഒരുക്കുന്ന റൈറ്റേഴ്‌സ് വില്ലേജ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ നാലിന്  നടക്കുമെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8924/minister-AK-Balan-on-Cultural-department–.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *