തിരുവനന്തപുരം: 65 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് അയ്യന്‍കാളി നഗരതൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കാൻ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചു. 48 നഗരസഭയുടെ പദ്ധതിക്കാണ് അംഗീകാരം. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 521 കോടി രൂപയുടെ പ്രവര്‍ത്തന പദ്ധതിയും തൊഴില്‍ ബഡ്ജറ്റും കൗണ്‍സില്‍ അംഗീകരിച്ചു.
പദ്ധതിയുടെ ചെലവ് 2015-16 സാമ്പത്തിക വര്‍ഷം 7.48 കോടി രൂപ ആയിരുന്നത് 2018–19 സാമ്പത്തികവര്‍ഷം 600 ശതമാനം വര്‍ധിച്ച് 45.97 കോടി രൂപയായി. 2019-20 വര്‍ഷം 64.25 കോടി രൂപ ചെലവും 26.80 ലക്ഷം തൊഴില്‍ ദിനങ്ങളുമായി. 2020–21 സാമ്പത്തികവര്‍ഷം ഒക്ടോബര്‍ 23വരെ 13,94,034 തൊഴില്‍ ദിനം സൃഷ്ടിച്ചു.
2019-20 സാമ്പത്തികവര്‍ഷംമുതല്‍ ക്ഷീര കര്‍ഷകരെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കി. നിലവില്‍ നഗരങ്ങളിലെ 4968 ക്ഷീരകര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തു. ഇവർക്ക് 2.23 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്.
നിലവിലെ മാര്‍ഗരേഖയില്‍ സുഭിക്ഷ കേരളം പദ്ധതിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ക്കായി താല്‍ക്കാലികമായി ഇളവ് അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കാര്‍ഷിക പ്രവര്‍ത്തനം ചെയ്യുന്ന കര്‍ഷകരുടെ പുരയിടത്തില്‍ തൊഴിലിന് നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിക്കാം 2016-17 സാമ്പത്തികവര്‍ഷം മുതല്‍ പദ്ധതി നടത്തിപ്പില്‍ ശ്രദ്ധേയമായ പുരോഗതിയാണുള്ളത്.

