കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് . നിയമവിരുദ്ധ നിര്‍മാണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ഷാജി

കോഴിക്കോട്: ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. കെട്ടിടനിര്‍മാണച്ചട്ടം ലംഘിച്ച് വീട് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 23-10-2020, വെള്ളിയാഴ്ചയാണ് നോട്ടീസ് നല്‍കിയത്. 22-10 – 2020 വ്യാഴാഴ്ച കോര്‍പ്പറേഷന്‍ അധികൃതര്‍ ഷാജിയുടെ വീട് അളന്നിരുന്നു. അനുവദിച്ചതിലും കൂടുതല്‍ വിസ്തീര്‍ണം വീടിന് കണ്ടതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്.

മുന്‍സിപ്പാലിറ്റി ആക്ടിനും മറ്റു ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടാണ് കെ.എം.ഷാജി വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം മാലൂര്‍കുന്നിന് സമീപത്തെ വീട് അളന്നത്

5,680 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീടാണ് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 3000 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മിക്കാനാണ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. മൂവായിരം സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകള്‍ക്ക് ആഢംബര നികുതി അടയ്ക്കേണ്ടതിനാല്‍ രേഖകളില്‍ 3,000 സ്‌ക്വയര്‍ ഫീറ്റിന് താഴെയെന്ന് കാണിക്കുകയും, കൂടുതല്‍ വലിപ്പത്തില്‍ വീട് പണിയുകയും ചെയ്യുകയായിരുന്നു. പ്ലാനില്‍ കാണിച്ചതിലും വലുപ്പത്തിലാണ് ഷാജി വീട് നിര്‍മിച്ചിരിക്കുന്നത്.

2020 നവംബര്‍ 10 ന് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ വച്ചായിരിക്കും ചോദ്യം ചെയ്യല്‍. ഷാജി അടക്കം 30 പേര്‍ക്കാണ് ഇഡി നോട്ടീസ് അയച്ചത്.

2017 ല്‍ ഹയര്‍സെക്കന്‍ഡറി അനുവദിക്കാന്‍ അഴിക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പ്ലസ് ടു കോഴക്കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ നേരത്തെ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പത്മനാഭനാണ് ഇക്കാര്യത്തില്‍ പരാതി നല്‍കിയത്. ആ കേസിലാണ് വിജിലന്‍സ് അന്വേഷണം.

2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല.

എന്നാല്‍ നിയമവിരുദ്ധമായ ഒരു നിര്‍മാണവും നടത്തിയിട്ടില്ലെന്ന് ഷാജി പറഞ്ഞു. വീട് നിര്‍മിക്കുമ്പോള്‍ ബഫര്‍സോണായിരുന്നു. എന്നാല്‍ ഇപ്പോഴല്ല. വീടിന് പെര്‍മിറ്റ് എടുത്താല്‍ അതിന്റെ കാലാവധി 9 വര്‍ഷമാണെന്നും ഷാജി പറയുന്നു. താന്‍ ജനിച്ചത് പതിനായിരം സ്‌ക്വയര്‍ഫീറ്റുള്ള വീട്ടിലാണെന്നും സാമ്പത്തികപരാധീനതകളുള്ള വീടല്ല തന്റേതെന്നും കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →