കൊച്ചി: രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) കേസെടുത്തു. പ്രതികളുടെ സ്വത്തു വിവരങ്ങൾ തേടി സംസ്ഥാനത്തെ മുഴുവൻ ജില്ലാ രജിസ്ട്രാർമാർക്കും നോട്ടീസ് നൽകി. സ്വത്തുകൾ കൈമാറ്റം ചെയ്യാൻ ശ്രമിച്ചാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ കൊച്ചി യൂണിറ്റിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ബാങ്കുകളിലെ നിക്ഷേപങ്ങളെക്കുറിച്ചറിയാനും സമാനമായ രീതിയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് അറസ്റ്റു ചെയ്യുന്നതിന് മുമ്പ് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം വിദേശത്തേക്ക് കടത്താൻ പ്രതികൾ ശ്രമിച്ചിരുന്നു. ആസ്ട്രേലിയയിലേക്ക് പണം കടത്തിയതായി സൂചനയുണ്ട്. പൊലീസ് അന്വേഷണത്തിനൊപ്പം സമാന്തരമായി വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് ഇ.ഡി. കേസെടുത്തത്. രാജ്യവ്യാപകമായി ബാങ്കുകളിൽ മുഖ്യപ്രതികൾക്ക് 1760 അക്കൗണ്ടുകളുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അതിനാൽ ,കേസന്വേഷണത്തിന് മറ്റ് ഇ.ഡി യൂണിറ്റുകളുടെയും സഹായം തേടി. പത്തനംതിട്ട, കൊച്ചി എന്നിവിടങ്ങളിലെ വസ്തുവകകൾ വിൽക്കാൻ പ്രതികൾ ശ്രമിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.
പൊലീസ് അറസ്റ്റു ചെയ്ത പോപ്പുലർ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ, ഡയറക്ടർമാരായ ഭാര്യ പ്രഭ തോമസ്, മക്കളായ റിനു, റേബ, റിയ എന്നിവർ ജയിലിലാണ്. സ്വത്തു വിവരങ്ങൾ ലഭിക്കുന്നതിന് പിന്നാലെ ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇ.ഡി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും.
അതേസമയം, തട്ടിപ്പിൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി നിർദേശത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർ സുപ്രിംകോടതിയിൽ തടസ ഹർജി സമർപ്പിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെ കേസിൽ തീരുമാനമെടുക്കരുതെന്ന് പോപ്പുലർ ഗ്രൂപ്പ് ഇൻവെസ്റ്റേഴ്സ് അസോസിയേഷൻ ഹർജിയിൽ ആവശ്യപ്പെട്ടു.

