ന്യൂഡൽഹി: കടുകെണ്ണയിൽ മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAl) നിരോധിച്ചു. മിശ്രിതമാക്കുന്നതിലൂടെ കടുക് എണ്ണയുടെ ഗുണനിലവാരവും പരിശുദ്ധിയും കുറയുന്നതായി കണ്ടെത്തിയതിനാലാണ് നടപടി.
കടുക് എണ്ണയുടെ വില വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ തീരുമാനം. കടുക് എണ്ണയിൽ 20 ശതമാനം മറ്റ് ഭക്ഷ്യ എണ്ണകൾ കലർത്താൻ കമ്പനികൾക്ക് നിലവിൽ അനുമതിയുണ്ട്. ഈ അനുമതിയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഒക്ടോബർ 1 മുതൽ മാത്രമേ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരികയുള്ളൂ. ഗുണനിലവാര പരിശോധനയ്ക്കായി 2020 ഓഗസ്റ്റിൽ എഫ്എസ്എസ്എഐ രാജ്യത്തുടനീളം 4,500 ഭക്ഷ്യ എണ്ണകളുടെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇവയുടെ പരിശോധനാ ഫലം വന്നയുടനാണ് മറ്റ് ഭക്ഷ്യ എണ്ണകൾ ചേർക്കുന്നത് നിരോധിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

