ഇടുക്കി, 2026 ഒക്ടോബർ 17 –
ഇടുക്കിയിൽ ഹർത്താൽ വിജയിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല, സാധാരണ ജീവിതം തടസ്സപ്പെട്ടു. എന്നാൽ ഹർത്താൽ ഉയർത്തിയ ഭൂമിപ്രശ്നങ്ങൾക്കൊപ്പം മറ്റൊരു രാഷ്ട്രീയ സന്ദേശവും ജില്ലയിൽ ചർച്ചയാകുന്നു. വർഷങ്ങളായി അധികാരത്തിലിരുന്നിട്ടും ജനങ്ങളുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാത്ത മുന്നണികളോടുള്ള അതൃപ്തി ഇരു രാഷ്ട്രീയ മുന്നണികൾക്കുമെതിരെ ജനവികാരമായി പുകയുകയാണോ?
കാർഷിക ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ, പരിസ്ഥിതിലോല മേഖലയുടെ ഭൂപടത്തിലെ അവ്യക്തത, ഏലമലക്കാടുകളുടെ വർഗീകരണം, കൃഷിഭൂമിയും തോട്ടങ്ങളും വന്യജീവി സങ്കേതങ്ങളാക്കാനുള്ള നീക്കങ്ങൾ, ആനത്താരകളുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയായിരുന്നു ഹർത്താലിന്റെ പ്രധാന വിഷയങ്ങൾ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. ഹയർ സെക്കൻഡറി മെച്ചപ്പെടുത്തൽ പരീക്ഷയും മാറ്റിവച്ചു.
പതിനായിരക്കണക്കിന് ഹെക്ടർ ഭൂമിയെച്ചൊല്ലി ആശങ്ക
പ്രാദേശിക ചാനൽ പുറത്തുവിട്ട കണക്കുപ്രകാരം, വിവിധ കാലങ്ങളിലായി ഇടുക്കിയിലെ 11 പ്രദേശങ്ങളിലായി 22,047 ഹെക്ടർ റവന്യൂ ഭൂമി വനമായി മാറ്റിയിട്ടുണ്ട്.ഇതെല്ലാം ഇടതുപക്ഷ ഭരണ കാലത്താണ് എന്ന് ചാനൽ വെളിപ്പെടുത്തുന്നു.. ഭൂമിയുടെ വർഗീകരണവും അതിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ ഉടമകൾ നേരിടാനിടയുള്ള നിയന്ത്രണങ്ങളും കർഷകരിലും ഭൂവുടമകളിലും ആശങ്ക സൃഷ്ടിക്കുന്ന വിഷയങ്ങളാണ്.
ഭൂമിയുടെ രേഖകൾ, അതിർത്തികൾ, വനവർഗീകരണം എന്നിവയിൽ വ്യക്തത വേണമെന്ന ആവശ്യം പുതിയതല്ല. പ്രശ്നം ഇത്രയും കാലം നീണ്ടുനിന്നിട്ടും വ്യക്തമായ പരിഹാരം കാണാനാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നു.
ഹർത്താലിനെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ
ഹർത്താലിനെ അനുകൂലിച്ചവർ ഭൂമിപ്രശ്നങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടുമ്പോൾ, എതിർത്തവർ സാധാരണക്കാരുടെ ദൈനംദിന ജീവിതം തടസ്സപ്പെടുന്നതിനെ വിമർശിക്കുന്നു. വിദ്യാർഥികൾക്കും വ്യാപാരികൾക്കും തൊഴിലാളികൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ചർച്ചയായി.
സാമൂഹികമാധ്യമ പോസ്റ്റുകൾക്ക് താഴെയുള്ള പ്രതികരണങ്ങളിലും ഈ രണ്ടു നിലപാടുകൾ പ്രതിഫലിക്കുന്നതായി കാണാം. അവ മുഴുവൻ ജനങ്ങളുടെയും അഭിപ്രായം അളക്കുന്ന സർവേയല്ലെങ്കിലും, രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കപ്പുറം ഭൂമിപ്രശ്നത്തിന് പരിഹാരം വേണമെന്ന ആവശ്യം അവയിൽ പ്രകടമാണ്. ഭൂമിപ്രശ്നം ഉന്നയിക്കുന്നവരുടെ ആശങ്കകൾ അംഗീകരിക്കുമ്പോഴും, അതിന്റെ പേരിൽ ജനജീവിതം ആവർത്തിച്ച് തടസ്സപ്പെടുന്നതിലുള്ള അതൃപ്തിയും അവഗണിക്കാനാവില്ല.
ഏഷ്യാനെറ്റ് ന്യൂസ്, ട്വന്റി ഫോർ ന്യൂസ്, റിപ്പോർട്ടർ ലൈവ് എന്നിവയുടെ ഇൻസ്റ്റാഗ്രാം റീലുകളിൽ ഹർത്താൽ ദൃശ്യം – അടഞ്ഞ കട, ചുവന്ന കൊടി, നിർത്തിയിട്ട ബസ്. മാതൃഭൂമി ന്യൂസിന്റെ പോസ്റ്റ് എന്നിവയിലെ കമൻറുകൾ കടുത്ത വിമർശനമാണ്. ഒരു കമന്റ് – പത്ത് വർഷം ഭരണത്തിൽ ഇരുന്നിട്ടും സാധാരണക്കാരന് സ്വന്തം പറമ്പിൽ നിന്ന് എന്ന് തുടങ്ങുന്ന ആക്ഷേപം. മറ്റൊന്ന് – ഈ പത്ത് കൊല്ലം ഈ ……… പിന്നെ എന്ത് തേങ്ങ ഉണ്ടാക്കുന്നു എന്ന് തെറി വിളി. പലരും പറയുന്നു – പത്ത് കൊല്ലം അധികാരത്തിൽ ഇരുന്ന് വനവത്കരിക്കാൻ ശ്രമിച്ചവർ ഇപ്പോൾ ഹർത്താൽ നടത്തുന്നത് തിരഞ്ഞെടുപ്പ് നാടകമാണ്, യു ഡി എഫിന്റെ ഇ എസ് എ ശുപാർശയും എൽ ഡി എഫിന്റെ വനവത്കരണവും ഒരേ നാണയത്തിന്റെ രണ്ട് വശം. ഇടുക്കി ഡി സി സി പ്രസിഡന്റ് പോലും മുഖ്യമന്ത്രിയെ വിമർശിക്കുകയും സി പി എമ്മിന്റെ ഹർത്താൽ പിൻവലിക്കണം എന്ന് പറയുകയും ചെയ്തു.
രാഷ്ട്രീയ വിജയത്തിനപ്പുറം പരിഹാരം എവിടെ?
ഹർത്താൽ വിജയിച്ചതുകൊണ്ടുമാത്രം ഭൂമിപ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ജനങ്ങളെ തെരുവിലിറക്കേണ്ട സാഹചര്യം വീണ്ടും വീണ്ടും ഉണ്ടാകുന്നത് ഭരണസംവിധാനത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മുന്നിലുള്ള വെല്ലുവിളിയാണ്. ഇന്നത്തെ പ്രതിഷേധത്തിന് പിന്നിൽ ഒരു മുന്നണിയോടുള്ള പിന്തുണ മാത്രമല്ല, പ്രശ്നം പരിഹരിക്കാത്ത രാഷ്ട്രീയ സംവിധാനത്തോടുള്ള നിരാശയും ഉണ്ടാകാം.
ഇടുക്കിയിലെ ജനങ്ങൾക്കു വേണ്ടത് ഹർത്താലുകളുടെ എണ്ണമല്ല; ഭൂമിയുടെ രേഖകളിലും വർഗീകരണത്തിലും വ്യക്തതയും, കർഷകരുടെ ആശങ്കകൾക്ക് വിശ്വസനീയമായ പരിഹാരവുമാണ്. ആ പരിഹാരം നൽകാൻ കഴിയുന്നില്ലെങ്കിൽ, ഹർത്താൽ വിജയിച്ചെന്ന രാഷ്ട്രീയ അവകാശവാദത്തിനപ്പുറം ഇരു മുന്നണികളും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരും.
Sources
- Kerala Forest Department — Idukki Reserve Forest Records
- Government of Kerala — Official Gazette Notifications on Reserve Forests
- Government of Kerala — Ecologically Sensitive Area Records