പട്ടികജാതി വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങളും തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങളും മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ യോജനയായ പിഎം അജയ് വഴി രാജ്യത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽ 47,200ലേറെ ഗ്രാമങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. 47.79 ലക്ഷത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. അടിസ്ഥാനസൗകര്യ വികസനം, വരുമാനമാർഗങ്ങൾ, വിദ്യാഭ്യാസം, അവശ്യസേവനങ്ങൾ എന്നിവ ഒരുമിച്ച് മെച്ചപ്പെടുത്തി പട്ടികജാതി സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം.
18,093 ഗ്രാമങ്ങൾക്ക് ആദർശ ഗ്രാമ പദവി
പദ്ധതിയുടെ ആദർശ ഗ്രാമ ഘടകത്തിൽ 2026 സെപ്റ്റംബർ എട്ടുവരെയുള്ള കണക്കനുസരിച്ച് 18,093 ഗ്രാമങ്ങളെ ആദർശ ഗ്രാമങ്ങളായി പ്രഖ്യാപിച്ചതായി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പട്ടികജാതി വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളും അവശ്യസേവനങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്താനുള്ള തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. പിഎം അജയ് പദ്ധതിയിൽ ആകെ 46,944 വികസനപ്രവൃത്തികൾ പൂർത്തിയായി. 27,032 ഗ്രാമവികസന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
അടിസ്ഥാനസൗകര്യങ്ങളിലും അവശ്യസേവനങ്ങളിലുമുള്ള പ്രധാന കുറവുകൾ പരിഹരിച്ചാണ് പട്ടികജാതി ഭൂരിപക്ഷ ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കുന്നത്. എല്ലാവർക്കും അടിസ്ഥാനസേവനങ്ങൾ ലഭിക്കുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കുറഞ്ഞ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതും അസമത്വങ്ങൾ പരമാവധി കുറയുന്നതുമായ ഗ്രാമമാണ് ആദർശ ഗ്രാമം എന്ന ആശയത്തിലൂടെ വിഭാവനം ചെയ്യുന്നത്.
പദ്ധതിക്ക് മൂന്ന് പ്രധാന ഘടകങ്ങളുണ്ട്. പട്ടികജാതി ഭൂരിപക്ഷ ഗ്രാമങ്ങളെ ആദർശ ഗ്രാമങ്ങളാക്കുക, സംസ്ഥാന–ജില്ലാതല സാമൂഹിക സാമ്പത്തിക വികസന പദ്ധതികൾക്ക് ധനസഹായം നൽകുക, വിദ്യാർഥി ഹോസ്റ്റലുകൾ നിർമിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക എന്നിവയാണവ.
തൊഴിലും വരുമാനവും കൂട്ടാൻ 1,730 കോടി രൂപ
പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനുള്ള സംസ്ഥാന–ജില്ലാതല പദ്ധതികൾക്കാണ് ഗ്രാന്റ് ഇൻ എയ്ഡ് ഘടകത്തിലൂടെ സാമ്പത്തികസഹായം നൽകുന്നത്. സമഗ്ര ഉപജീവന പദ്ധതികൾ, നൈപുണ്യ വികസനം, അനുബന്ധ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിലൂടെ ഗുണഭോക്താക്കളുടെ വരുമാനം വർധിപ്പിക്കുന്നതിനാണ് മുൻഗണനയെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പട്ടികജാതി ഭൂരിപക്ഷ ഗ്രാമങ്ങളിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി സാമൂഹിക സാമ്പത്തിക വികസന സൂചകങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ആവശ്യമുള്ള ഇടങ്ങളിൽ താമസസൗകര്യത്തോടെയുള്ള സ്കൂളുകൾ ഒരുക്കി പട്ടികജാതി വിദ്യാർഥികളുടെ സാക്ഷരതയും സ്കൂൾ പ്രവേശനവും വർധിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.
2021–22 മുതൽ 2025–26 വരെയുള്ള സാമ്പത്തികവർഷങ്ങളിൽ ഈ ഘടകത്തിലൂടെ ഏകദേശം 1,730 കോടി രൂപ സംസ്ഥാനങ്ങൾക്ക് നേരിട്ട് അനുവദിച്ചു. വ്യക്തിഗതമായും കൂട്ടായും സഹായം ലഭിച്ച രണ്ടര ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് നൈപുണ്യ പരിശീലനത്തിനും ഉപജീവനത്തിനുമുള്ള അവസരങ്ങൾ ഇതിലൂടെ ലഭിച്ചതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
785 ഹോസ്റ്റലുകൾ പൂർത്തിയായി; പുതിയ രണ്ടെണ്ണത്തിന് 61.46 കോടി
പട്ടികജാതി വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നേടാൻ സൗകര്യമൊരുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഹോസ്റ്റൽ നിർമാണ–അറ്റകുറ്റപ്പണി ഘടകത്തിന്റെ ലക്ഷ്യം. ഗ്രാമങ്ങളിലും വിദൂരപ്രദേശങ്ങളിലും നിന്നുള്ള വിദ്യാർഥികൾക്ക് താമസസൗകര്യവും വിദ്യാഭ്യാസ അവസരങ്ങളും ലഭ്യമാക്കുന്നതിൽ ഈ ഹോസ്റ്റലുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
2026 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് പദ്ധതിയിൽ 785 വിദ്യാർഥി ഹോസ്റ്റലുകൾ പൂർത്തിയായി. 2026–27 സാമ്പത്തികവർഷത്തിൽ രണ്ട് ഹോസ്റ്റൽ പദ്ധതികൾക്കായി കേന്ദ്രസഹായമായി 61.46 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഓരോ ഹോസ്റ്റൽ വീതമാണ് ഒരുക്കുന്നത്. ഇവയിൽ ആകെ 264 വിദ്യാർഥികൾക്ക് താമസിക്കാനാകും.
അപേക്ഷ മുതൽ നിരീക്ഷണം വരെ ഡിജിറ്റലായി
പദ്ധതി നടപ്പാക്കലും നിരീക്ഷണവും ശക്തമാക്കാൻ പിഎം അജയ് മൊബൈൽ ആപ്പും പോർട്ടലും ആരംഭിച്ചിട്ടുണ്ട്. കടലാസ് രേഖകളെ ആശ്രയിച്ചുള്ള നടപടികളിൽനിന്ന് തുടക്കം മുതൽ അവസാനംവരെ തത്സമയം ഡിജിറ്റലായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്കുള്ള മാറ്റത്തിന് ഇവ വഴിയൊരുക്കുന്നു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവരങ്ങൾ ലഭ്യമാക്കുന്നതും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും കണക്കുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതും കൂടുതൽ ശക്തമാകുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോൾ ഏകോപനം, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഈ ഡിജിറ്റൽ സംവിധാനം ലക്ഷ്യമിടുന്നു.
മുഴുവൻ കേന്ദ്രസഹായം; വിഹിതം ചെലവഴിക്കാൻ വ്യക്തമായ ക്രമം
പിഎം അജയ് പൂർണമായും കേന്ദ്രസർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ്. ആവശ്യമായ ഇടങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അധിക വിഭവങ്ങൾ നൽകാം. തിരഞ്ഞെടുത്ത ആദർശ ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെയും സേവനങ്ങളുടെയും കുറവുകൾ പരിഹരിക്കാൻ പദ്ധതിത്തുകയുടെ 50 ശതമാനംവരെ ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന, ജില്ലാതലങ്ങളിൽ സാങ്കേതിക സഹായ സംഘങ്ങളും പദ്ധതി നിർവഹണ യൂണിറ്റുകളും രൂപീകരിക്കാനും പ്രവർത്തിപ്പിക്കാനും അഞ്ചുശതമാനംവരെയാണ് വിഹിതം.
കേന്ദ്രസ്ഥാപനങ്ങൾക്കുള്ള സഹായം ഉൾപ്പെടെ ഹോസ്റ്റലുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും രണ്ടുശതമാനംവരെ നീക്കിവയ്ക്കുന്നു. ശേഷിക്കുന്ന തുക സംസ്ഥാന–ജില്ലാതല പദ്ധതികൾക്കുള്ള ഗ്രാന്റ് ഇൻ എയ്ഡായി നൽകും. ഈ സഹായം അനുവദിക്കുമ്പോൾ പട്ടികജാതി ജനസംഖ്യ പരിഗണിക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പട്ടികജാതി ജനസംഖ്യയ്ക്ക് ആനുപാതികമായി, വാർഷിക പദ്ധതിയിൽ സംസ്ഥാന പട്ടികജാതി ഉപപദ്ധതിക്കുള്ള വിഹിതത്തിന്റെ അനുപാതവും കണക്കിലെടുക്കും. അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയായശേഷം അവയുടെ നടത്തിപ്പും പരിപാലനവും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോ നിർവഹണ ഏജൻസികളോ ഏറ്റെടുക്കണം. ഹോസ്റ്റൽ ഘടകത്തിൽ പരിപാലനത്തിനും കേന്ദ്രസർക്കാർ സഹായം നൽകുന്നുണ്ട്.
2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ വികസനത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും എത്തിക്കുകയെന്നതിനാണ് പ്രാധാന്യം. ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും അവശ്യസേവനങ്ങളും മുതൽ ഉപജീവനം, നൈപുണ്യ വികസനം, വിദ്യാഭ്യാസലഭ്യത എന്നിവവരെയുള്ള മേഖലകളിൽ പിഎം അജയ് ഇതിന് പിന്തുണ നൽകുന്നു. സാങ്കേതികവിദ്യയുടെ കൂടുതൽ ഉപയോഗം, ശക്തമായ നിരീക്ഷണം, ഏറ്റവും താഴെത്തട്ടിലുള്ളവർക്കും സഹായം എത്തിക്കുന്നതിലുള്ള ശ്രദ്ധ എന്നിവയിലൂടെ രാജ്യത്തിന്റെ വളർച്ചയിൽ പട്ടികജാതി സമൂഹങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതി. വ്യക്തികൾക്കും സമൂഹങ്ങൾക്കും അവരുടെ കഴിവുകൾ പൂർണമായി പ്രയോജനപ്പെടുത്താൻ ആവശ്യമായ സൗകര്യങ്ങളും ശേഷിയും അനുകൂല സാഹചര്യവും ഒരുക്കാൻ ഈ സംയോജിത സമീപനം സഹായിക്കുന്നു.

.