റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1268 കോടിയുടെ ഓണ്‍ലൈന്‍ ചൂതാട്ടം; പിന്നില്‍ ചൈനീസ് കമ്പനിയെന്ന് പോലീസ്; റെയ്ഡില്‍ 46.96 കോടി രൂപ പിടിച്ചെടുത്തു

August 31, 2020 - 5:16 pm

ന്യൂഡല്‍ഹി: ചൈനീസ് ഓണ്‍ലൈന്‍ ചൂതാട്ട കമ്പനിയുടെ നിയന്ത്രണത്തിലുള്ള പതിനഞ്ചോളം കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. റെയ്ഡില്‍ 46.96 കോടിരൂപ പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ തുടങ്ങിയ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധമായി ഓണ്‍ലൈന്‍ ചൂതാട്ടറാക്കറ്റ് നടത്തിയ സംഭവത്തില്‍ ഒരു ചൈനീസ് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും ഹൈദരാബാദ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഓണ്‍ലൈന്‍ കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷന്‍സ് തലവന്‍ യാഹ്‌ഹോവോ, കമ്പനിയുടെ ഇന്ത്യന്‍ ഡയറക്ടര്‍മാരായ ധീരജ് സര്‍ക്കാര്‍, അങ്കിത് കപൂര്‍, നീരജ് തൂലി എന്നിവരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ റെയഡ് നടത്തിയത്.

നാലുബാങ്കുകളിലായി നിക്ഷേപിച്ചിരുന്ന 46.96 കോടി രൂപ മരവിപ്പിക്കുന്നതായും ഇഡി അറിയിച്ചു. എച്ച്എസ്ബിസി ബാങ്കുമായി ബന്ധിപ്പിച്ച നിരവധി അക്കൗണ്ടുകളിലൂടെയാണ് പണകൈമാറ്റം ചെയ്തിരിക്കുന്നത് എന്ന് ഇഡി അറിയിച്ചു. ചൈന ആസ്ഥാനമായ ബെയ്ജിങ് ടി പവര്‍ കമ്പനിയുടെ കീഴിലുള്ള നിരവധി കമ്പനികളാണ് ഓണ്‍ലൈന്‍ ചൂതാട്ടം സംഘടിപ്പിച്ചത്. 1268 കോടിരൂപ പുറത്തു പോയെന്നാണ് വിവരം. ലോക്ഡൗണ്‍ സമയത്താണ് കൂടുതല്‍ ഇടപാടുകളും നടന്നത്. ഹൈദരാബാദില്‍ നിന്നുള്ള രണ്ടുപേര്‍ക്ക്ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടിരുന്നു. ഒരാള്‍ക്ക് 1.64 ലക്ഷം രൂപയും മറ്റേയാള്‍ക്ക് 97,000 രൂപയുമാണ് നഷ്ടപ്പെട്ടത്. പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *