ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യത്തോടൊപ്പം ഗ്രേറ്റ തുൻബർഗ്ഗും

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ രാജ്യത്ത് സെപ്റ്റംബർ മാസം നടത്താനിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ
മാറ്റിവയ്ക്കണമെന്ന് കാലാവസ്ഥ ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗ് ആവശ്യപ്പെട്ടു.

പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന ഇന്ത്യയിലെ വിദ്യാർഥികളുടെ ആവശ്യത്തോടൊപ്പമാണ് താനെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു . ഇത് ഒട്ടും നീതീകരിക്കാൻ സാധിക്കുന്നതല്ല, കോവിഡിന്റെയും പ്രളയത്തിന്റെയുമെല്ലാം ഇടയിൽ കോടിക്കണക്കിന് മനുഷ്യർ ദുരിതമനുഭവിക്കുമ്പോൾ പരീക്ഷകൾ നടത്തുന്നത് ഒട്ടും ഗുണകരമാകില്ല എന്നും ഗ്രേറ്റ ട്വീറ്റിൽ അഭിപ്രായപ്പെട്ടു. ലോകമെങ്ങും
ലക്ഷക്കണക്കിന് ആരാധകരുള്ള കാലാവസ്ഥാ പ്രവർത്തകയാണ് ഗ്രേറ്റ തുൻബർഗ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുറി, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ കക്ഷി നേതാക്കൾ പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു.

ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തേണ്ടിയിരുന്ന പരീക്ഷകൾ കോവിഡിനെ തുടർന്ന് സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. ഇനിയും പരീക്ഷകൾ മാറ്റുന്നത് ഒരു അധ്യയന വർഷം പൂർണമായും നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →