ടോക്കിയോ: യുദ്ധവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി ജപ്പാൻ.ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം ജപ്പാൻ എടുത്തുനീക്കി. ആയുധകയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനു പ്രധാനമന്ത്രി സനേ തകായിച്ചിയുടെ മന്ത്രിസഭ അംഗീകാരം നൽകി. ജപ്പാൻ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇതോടെ ഇല്ലാതായി.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജപ്പാന്റെ പ്രതിരോധ നയങ്ങളിലെ പ്രധാന മാറ്റമാണിത്.
ജപ്പാന്റെ നിലപാടുകളിലെ ചുവടുമാറ്റം
പതിറ്റാണ്ടുകളായി സമാധാനപക്ഷത്തു നിലയുറപ്പിച്ചിരുന്ന ജപ്പാന്റെ നിലപാടുകളിലെ വലിയൊരു ചുവടുമാറ്റമാണിത്. ചൈനയുടെയും ഉത്തരകൊറിയയുടെയും ഭീഷണികൾ നിലനിൽക്കുന്നതിനാലാണു ജപ്പാൻ ചുവടുമാറ്റുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. നയത്തിലെ മാറ്റത്തെ ചൈന വിമർശിച്ചു. എന്നാൽ ഓസ്ട്രേലിയ പോലുള്ള ജാപ്പനീസ് പ്രതിരോധ പങ്കാളികൾ ഇതിനെ സ്വാഗതം ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തര യുദ്ധവിരുദ്ധ ഭരണഘടന പ്രകാരം ജപ്പാൻ ആയുധ കയറ്റുമതി നിരോധിച്ചിരുന്നു.
എല്ലാ പരിധികളും ഒഴിവാക്കി
വർധിച്ചുവരുന്ന ആഗോള, പ്രാദേശിക സംഘർഷങ്ങൾ കാരണം സമീപകാലത്ത് ഏതാനും മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, കയറ്റുമതി അഞ്ച് മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. പുതിയ നിയമപ്രകാരം ആ പരിധികൾ കൂടി ഒഴിവാക്കി. യുദ്ധവിമാനങ്ങൾ, മിസൈലുകൾ, യുദ്ധക്കപ്പലുകൾ തുടങ്ങിയവയുടെ കയറ്റുമതി അനുവദിക്കുകയും ചെയ്തു. അടുത്തിടെ യുക്രെയ്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്യാസ് മാസ്കുകളും സിവിലിയൻ വാഹനങ്ങളും നൽകിയിരുന്നു. ഫിലിപ്പീൻസിന് ഇന്റലിജൻസ് റഡാറും നൽകി. ഇതെല്ലാം ജപ്പാന്റെ പരമ്പരാഗത നയത്തിൽനിന്നുള്ള വ്യതിയാനങ്ങളുടെ തുടക്കമായിരുന്നു.
മൂന്നാം രാജ്യങ്ങൾക്ക് കർശനമായ പരിശോധനയ്ക്കു ശേഷം മാത്രമേ ആയുധങ്ങൾ വിൽക്കുകയുള്ളൂ.
നിലവിൽ, ജപ്പാനുമായി പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റ കരാറുകളുള്ള 17 രാജ്യങ്ങളിലേക്ക് മാത്രമേ കയറ്റുമതി അനുവദിക്കൂ. ദേശീയ സുരക്ഷാ കൗൺസിലിന്റെ അംഗീകാരവും ലഭിക്കണം, കൈമാറിയ ആയുധങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് സർക്കാർ നിരീക്ഷിക്കും. മൂന്നാം രാജ്യങ്ങൾക്ക് കർശനമായ പരിശോധനയ്ക്കു ശേഷം മാത്രമേ ആയുധങ്ങൾ വിൽക്കുകയുള്ളൂ. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ആയുധങ്ങൾ നൽകില്ല എന്നാൽ ഈ നിയന്ത്രണങ്ങളും ആവശ്യമായാൽ മാറ്റാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. 2014 മുതൽ ചില സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ ജപ്പാൻ തുടങ്ങിയിരുന്നു.
.
