കൊല്ലം: താൻ ഇന്ത്യയുടെ ഭരണഘടനയ്ക്കു വേണ്ടിയാണ് പോരാടുന്നതെന്നും ഭരണഘടന സാധാരണ പുസ്തകമല്ലെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. ഭരണഘടന ഭാരതീയ തത്വങ്ങളുടെ പ്രതീകമാണ്. ശ്രീനാരായണഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ അടങ്ങിയത് അദ്ഭുതകരമായി തോന്നിയെന്നും രാഹുൽ പറഞ്ഞു. ഭരണഘടന പറയുന്നതും സ്നേഹിക്കുക, പരസ്പരം ആദരിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീനാരായണഗുരു- മഹാത്മാഗാന്ധി മഹാസംഗമ ശതാബ്ദിയാഘോഷം കൊല്ലം ആശ്രാമം മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്
ശിവഗിരി മഠത്തിന്റെയും കെപിസിസിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠനഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. വിട്ടുവീഴ്ചയും ക്ഷമയുമാണ് ഭരണഘടനയുടെ അന്തഃസത്ത. സത്യത്തെ കുറിച്ചാണ് ഗാന്ധിയും ഗുരുവും സംസാരിച്ചത്. ഗുരുവിന്റെ തത്വങ്ങൾ വിരിച്ച പാതയിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി ചൂണ്ടികാട്ടി.
ചോദ്യംചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു
ശ്രീനാരായണഗുരുവും ഗാന്ധിജിയും എതിർത്ത കാര്യങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അദേഹം വിമർശിച്ചു. രാഷ്ട്രീയത്തിൽ മാത്രമല്ല രാജ്യാന്തര സ്ഥിതിവിശേഷത്തിലും ആളുകൾ ഇരുട്ടിലേക്ക് കൂപ്പുകുത്തുന്നെന്നും അദേഹം വിമർശിച്ചു. അപരനെ മനസിലാക്കാനോ ഉൾക്കൊള്ളാനോ ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗാന്ധിജിയും ഗുരുവും രാഷ്ട്രീയത്തിലും ജീവിതത്തിലും വഴികാട്ടികളായി മാറണം. ഗാന്ധിജിയുടെ പോരാട്ടവീര്യം ഒരു മാതൃകയും വെളിച്ചവുമാണ്. ഗാന്ധിജി പോരാടിയതു ബ്രീട്ടീഷ് സാമ്രാജ്യത്തോടാണ്. എന്നാൽ, അവർ ഗാന്ധിയെ ഇല്ലാതാക്കാൻ ശ്രമിച്ചില്ല. ഇന്നു വിദ്വേഷത്തിനടിമകളായി മാറിയവർ ചോദ്യംചോദിക്കുന്നവരെ ഇല്ലായ്മ ചെയ്യാനും ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
