കേന്ദ്രസർക്കാരിൻറെ വ്യാഴവട്ടം പിന്നിടുന്ന പ്രവർത്തനത്തിനിടയിൽ അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. ചില ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചുവെങ്കിലും രാഷ്ട്രീയ താൽപര്യം എന്നതിനപ്പുറത്തേക്ക് അത് പോയില്ല. വിശ്വാസ്യത ഉണ്ടായിരുന്നില്ല. എന്നാൽ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾക്ക് പിന്നാലെ അഴിമതിയുടെ നാറ്റവും വന്നു തുടങ്ങിയിരിക്കുന്നു.
ഇന്ത്യയിൽ അഴിമതിക്കെതിരെയുള്ള വർത്തമാനങ്ങൾ വലിയ വായിലും ആവേശത്തോടെയും പറയുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ അഴിമതി ഇല്ലാതാക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയിൽ ഉള്ള രാജ്യം ഇന്ത്യയാണ്. ആഫ്രിക്കൻ രാജ്യങ്ങൾ പോലും ചിലത് മുമ്പിൽ ഉണ്ട്.
മോദി സർക്കാരിൻറെ ദീർഘ ഭരണത്തിന്റെ ഇടയിൽ ഉന്നയിക്കപ്പെട്ട ഗൗരവമുള്ള ആരോപണം അദ്ദേഹത്തിൻറെ മന്ത്രിസഭയിലെ കൃഷി കൈകാര്യം ചെയ്യുന്ന അംഗത്തിൻ്റെതാണ്. 99 ലക്ഷം രൂപയുടെ സബ്സിഡി സ്വന്തം വകുപ്പിൽ നിന്ന് അദ്ദേഹം വീട്ടിലേക്ക് എഴുതി എടുത്തിരിക്കുന്നു! ഞാനും ഒരു കർഷകനാണ് എന്ന ന്യായമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആ ഞാൻ ഒരു മന്ത്രി കൂടിയാണെന്നും മന്ത്രിപ്പണി കൃഷി വകുപ്പിൽ ആണെന്നും സബ്സിഡി കൃഷിവകുപ്പിന്റെ താണെന്നും അദ്ദേഹം മനസ്സിലാക്കിയിട്ടില്ല.
മധ്യപ്രദേശിലെ മുഖ്യമന്ത്രിയുംബന്ധുക്കളും ഭൂമി വാങ്ങിക്കൂട്ടി അവിടെ സർക്കാർ പദ്ധതി കൊണ്ടുവന്ന് ഭൂമി വില വർദ്ധിപ്പിച്ചു എന്ന വാർത്ത തെളിവുകളോടെ പുറത്തുവിട്ട ഇന്ത്യൻ എക്സ്പ്രസ് തന്നെയാണ് കൃഷിമന്ത്രിയുടെ കഥയും പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അഴിമതിയുടെ തെളിവുകൾ അന്വേഷിച്ചു പോകുന്ന അന്വേഷണാത്മകരീതി പിന്തുടരുന്ന അപൂർവ്വം പത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ എക്സ്പ്രസ്.
സ്വന്തം മന്ത്രാലയം… സ്വന്തം പദ്ധതി… സ്വന്തം സബ്സിഡി!
കർഷകർക്ക് സഹായമെത്തിക്കാനായി സർക്കാർ പദ്ധതികൾ ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ ശക്തിയാണ്. പക്ഷേ ആ പദ്ധതി നിയന്ത്രിക്കുന്ന മന്ത്രാലയത്തിലെ മന്ത്രി തന്നെ, അതേ പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ സബ്സിഡി കൈപ്പറ്റുന്നുവെന്ന വാർത്ത പുറത്തുവരുമ്പോൾ ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്. നിയമം ലംഘിച്ചുവെന്ന് ഇതുവരെ ആരും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ നിയമം പാലിച്ചതുകൊണ്ട് മാത്രം പൊതുജീവിതത്തിലെ ധാർമിക ചോദ്യങ്ങൾ അവസാനിക്കുന്നില്ല. അധികാരവും ആനുകൂല്യവും ഒരേ മേശയിൽ ഇരിക്കുമ്പോൾ, അഴിമതി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയത്തിന്റെ ഗന്ധം ആദ്യം പരക്കുന്നത് അവിടെ നിന്നാണ്.
നിയമം മാത്രം പോര… ജനവിശ്വാസവും വേണം
സർക്കാർ പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണോ, അതോ അധികാരകേന്ദ്രങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്നവർക്ക് എളുപ്പം ലഭിക്കുന്ന സൗകര്യങ്ങളാണോ എന്ന സംശയം ജനങ്ങളിൽ ഉണ്ടാകാതിരിക്കുകയാണ് നല്ല ഭരണത്തിന്റെ ആദ്യ ഉത്തരവാദിത്തം. ഒരു മന്ത്രി എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്റായ ബോർഡ് നിയന്ത്രിക്കുന്ന പദ്ധതിയിൽ നിന്ന് അദ്ദേഹത്തിന്റെ തന്നെ കൃഷിപ്പാടത്തിന് സബ്സിഡി ലഭിച്ചുവെന്നത്, നടപടിക്രമങ്ങൾ പാലിച്ചിരുന്നാലും പൊതുധാരണയെ ബാധിക്കുന്ന വിഷയമാണ്. ജനാധിപത്യത്തിൽ ഒരു തീരുമാനം നിയമപരമായി ശരിയാണെന്നത് ഒരു കാര്യം. അത് നൈതികമായും സംശയരഹിതമായും തോന്നുന്നുണ്ടോ എന്നത് മറ്റൊരു കാര്യമാണ്.
കർഷകന് ക്യൂ… അധികാരിക്ക് വഴി?
ഈ സംഭവത്തിന്റെ യഥാർഥ നഷ്ടം ഒരു സബ്സിഡി തുകയല്ല. പൊതുസംവിധാനങ്ങളിലുള്ള വിശ്വാസമാണ്. ഒരു സാധാരണ കർഷകൻ അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കുമ്പോൾ, അധികാരത്തിന്റെ കേന്ദ്രത്തിലുള്ളവർക്ക് ലഭിക്കുന്ന ഓരോ ആനുകൂല്യവും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും. അതാണ് ജനാധിപത്യത്തിന്റെ സ്വഭാവം. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങളിൽ സർക്കാർ പറയേണ്ടത് “നിയമപ്രകാരം തന്നെയാണ്” എന്നത് മാത്രമല്ല, “താൽപര്യസംഘർഷം ഉണ്ടാകാത്ത വിധം സംവിധാനങ്ങൾ എങ്ങനെ ശക്തിപ്പെടുത്തും” എന്നതുമാണ്. ഇല്ലെങ്കിൽ, സബ്സിഡി പദ്ധതികളുടെ ലക്ഷ്യത്തെക്കാൾ വേഗത്തിൽ പരക്കുക അഴിമതിയുടെ തെളിവല്ല, അഴിമതിയുടെ ഗന്ധം തന്നെയായിരിക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.