കോൽക്കത്ത: ലയണല്‍ മെസിയുടെ സാൾട്ട്ലേക്കിലെ പരിപാടിക്കിടെ സംഘർഷമുണ്ടായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. കോൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം സന്ദർശിച്ച ശേഷമാണ് ഗവർണർ അന്വേഷണം ആവശ്യപ്പെട്ടത്. ഇത്തരം പരിപാടികൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) രൂപവത്കരിക്കണമെന്നും ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടു.
കാണികൾക്ക് ടിക്കറ്റിന്റെ പണം തിരികെ നൽകണം
കുഴപ്പങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി മനോജ് പന്തും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഗവർണർക്കൊപ്പം സ്റ്റേഡിയം സന്ദർശിച്ചു. കാണികൾക്ക് ടിക്കറ്റിന്റെ പണം തിരികെ നൽകണമെന്നും ആനന്ദബോസ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മെസിയുടെ പരിപാടിക്കെത്തിയ ഗവർണറെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനെതിരേ അദ്ദേഹം പ്രതികരിച്ചിരുന്നു.ഇതിനിടെ ‘മെസി ഗോട്ട് ഇന്ത്യ ടൂർ’ സംഘാടകൻ ശതദ്രു ദത്തയെ കോടതി 14 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
