കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന ഒളശ സ്‌കൂളിലെ അനീഷമോളെ വോട്ടർ പട്ടികയില്‍ ചേർത്തു കൊണ്ട് പുതിയ വോട്ടർമാരെ ചേർക്കുന്ന പരിപാടിയും ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
സമ്മതിദായക പ്രതിജ്ഞചൊല്ലിക്കൊടുത്തു.
ഒളശയിലെ കാഴ്ചപരിമിതർക്കായുള്ള വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ കളക്ടർ സമ്മതിദായക പ്രതിജ്ഞചൊല്ലിക്കൊടുത്തു.തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥർക്കും വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാർഥികള്‍ക്കും കളക്ടർ മെമന്റോ, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ വിതരണം ചെയ്തു.
വിദ്യാർഥികള്‍ വിവിധ കലാപരിപടികള്‍ അവതരിപ്പിച്ചു.
സബ് കളക്ടർ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പുഞ്ച സ്പഷ്യല്‍ ഓഫീസർ എം. അമല്‍ മഹേശ്വർ, ഡെപ്യൂട്ടി കളക്ടർ ( ഇലക്ഷൻ) ജിയോ ടി. മനോജ്, കോട്ടയം തഹസില്‍ദാർ എസ്.എൻ. അനില്‍കുമാർ, ഒളശ്ശ സ്‌കൂള്‍ പ്രഥമാധ്യാപിക എസ്. ശ്രീലത കുമാരി, ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് ജില്ലാ കോർഡിനേറ്റർമാരായ ഡോ. വിപിൻ വർഗീസ്, ടി.സത്യൻ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് പി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. ഒളശ്ശ കാഴ്ചപരിമിതർക്കായുള്ള സ്‌കൂളിലെ വിദ്യാർഥികള്‍ വിവിധ കലാപരിപടികള്‍ അവതരിപ്പിച്ചു
