പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസ് : പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കല്‍ക്കട്ട ഹൈക്കോടതിയില്‍. കോല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിക്കു വിചാരണക്കോടതി വിധിച്ച മരണംവരെ ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരേയാണു നിയമപോരാട്ടം.

അപ്പീല്‍ അനുമതി തേടിയുള്ള അപേക്ഷ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുവദിച്ചു.

അപ്പീല്‍ അനുമതി തേടിയുള്ള അഡ്വക്കറ്റ് ജനറല്‍ കിഷോർ ദത്തയുടെ അപേക്ഷ ജസ്റ്റീസ് ദെബാംഗ്ഷു ബസക്കിന്‍റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുവദിച്ചു. 2024 ജനുവരി 20 തിങ്കളാഴ്ചയാണ് സിയാല്‍ദയിലെ അഡീഷണല്‍ സെഷൻസ് ജഡ്ജി അനിർബൻ ദാസ് പ്രതി സഞ്ജയ് റോയിക്കു മരണംവരെ ജീവപര്യന്തം തടവു വിധിച്ചത്. അപൂർവങ്ങളില്‍ അപൂർവമായ കൊലപാതകമെന്ന പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി പ്രതി അരലക്ഷം രൂപ പിഴയൊടുക്കണമെന്നും വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ ആശ്രിതർക്ക് 17 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി അനുവദിക്കണമെന്ന നിർദേശവും ഉണ്ടായിരുന്നു.

വിധി പുറത്തുവന്ന് 48 മണിക്കൂറിനകം സംസ്ഥാനം ഹൈക്കോടതിയിലെത്തി

കോടതിവിധിയിലുള്ള അതൃപ്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അന്വേഷണ ചുമതല കോല്‍ക്കത്ത പോലീസിനായിരുന്നുവെങ്കില്‍ പ്രതിക്കു വധശിക്ഷ ഉറപ്പാക്കിയേനെ എന്നു പറഞ്ഞ മുഖ്യമന്ത്രി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പറഞ്ഞു. വിധി പുറത്തുവന്ന് 48 മണിക്കൂറിനകം സംസ്ഥാനം ഹൈക്കോടതിയിലെത്തുകയും ചെയ്തു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു

2024 ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ലൈംഗികപീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.അടുത്ത ദിവസം തന്നെ കോല്‍ക്കത്ത പോലീസിലെ സിവിക് വൊളന്‍റിയറായിരുന്ന സഞ്ജയ് റോയി അറസ്റ്റിലായി. സഞ്ജയ് റോയിക്കു പുറമേ മറ്റു ചിലർക്കും പങ്കുണ്ടെന്ന വാദം ശക്തമായിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെ കല്‍ക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →