കരുവന്നൂർ തട്ടിപ്പ്; നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ ധാരണ.

കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ സിപിഐഎം. സർക്കാർതലത്തിൽ ഇടപെട്ട് പണം മടക്കി നൽകാൻ നീക്കം തുടങ്ങാൻ സിപിഐഎം ജില്ലാ കമ്മിറ്റിയിൽ ധാരണ.ചൂടേറിയ ചർച്ചകളാണ് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്നത്.
സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാൻ നഷ്ടപ്പെട്ട പണം മടക്കി നൽകുമെന്ന് നേരിട്ട് കണ്ട് ഉറപ്പു നൽകണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ പൊതുവായ് ഉയർന്ന ആവശ്യം. സർക്കാർ ഇടപ്പെട്ട് കരുവന്നൂരിൽ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകർക്ക് മടക്കി നൽകണം. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നൽകി മുഖം രക്ഷിക്കാനാണ് നീക്കം. കരുവന്നൂരിൽ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ ആവശ്യം ഉയർന്നു.

കരുവന്നൂരിൽ സംഭവിച്ച പിഴവിനെതിരെ ശക്തമായ വിമർശനമാണ് ചില നേതാക്കൾ ഉയർത്തിയത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുതെന്ന നിലപാടും യോഗത്തിൽ ഉയർന്നു. എന്നാൽ കരുവന്നൂർ ബാങ്കിന്റെ മറവിൽ അയ്യന്തോൾ ബാങ്കിനെതിരെ ഉയർത്തുന്ന വായ്പ തട്ടിപ്പാരോപണവും കൊടുങ്ങല്ലൂർ ബാങ്കിനെതിരെ ഉയർത്തുന്ന സ്വർണ്ണത്തട്ടിപ്പ് ആരോപണവും അനാവശ്യമെന്നാണ് കമ്മിറ്റിയിൽ ഉയർന്ന വാദം. ഇരു സംഭവത്തിലും ബാങ്കിന് പങ്കില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യോഗ നിർദ്ദേശം.

കരുവന്നൂരിൽ നിലപാട് വിശദീകരിക്കാൻ എൽഡിഎഫിന്റെ നേതൃത്വത്തിൽ മണ്ഡല അടിസ്ഥാനത്തിൽ രാഷ്ട്രീയ വിശദീകരണ ജാഥകൾ സംഘടിപ്പിക്കും.എൽഡിഎഫ് നേതാക്കൾ ജാഥാ ക്യാപ്റ്റൻമാരായിട്ടാണ് ജാഥകൾ സംഘടിപ്പിക്കുക. അതേസമയം ഇഡിയ്ക്ക് എതിരെ ശക്തമായ നിലപാടുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →