കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. വിമാനത്തിന്റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് 120 ഓളം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയത്. സൗദി എയർലൈൻസിൽ 2023 സെപ്തംബർ 23 ,8.25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ടെക്നിക്കൽ തകരാർ മൂലം യാത്ര ആരംഭിക്കാനാകാത്തത്.യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്.
ഇതോടെ യാത്രക്കാരുടെ വിമാന യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. അതേസമയം, യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തകരാർ പരിഹരിക്കാനായില്ലെങ്കിൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ റിയാദിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു

