റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി/ ഇംഫാല്‍: മണിപ്പൂര്‍ സര്‍ക്കാറെടുത്ത കേസില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് അംഗങ്ങള്‍ക്ക് ആശ്വാസമേകി സുപ്രീം കോടതി. ഗില്‍ഡ് പ്രസിഡന്റ് സീമാ മുസ്തഫയുള്‍പ്പെടെ നാല് പേര്‍ക്കെതിരെയുള്ള കേസില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
സീമാ മുസ്തഫയെ കൂടാതെ, കലാപ കലുഷിതമായ മണിപ്പൂരിലേക്ക് എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങളായ സീമാ ഗുഹ, സഞ്ജയ് കപൂര്‍, ഭാരത് ഭൂഷണ്‍ എന്നിവര്‍ക്കെതിരെ രണ്ട് എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു.
സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ (ഐ പി സി 153 എ), തെറ്റായ വിവരം ശരിയെന്നു പ്രചരിപ്പിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി ബിരേന്‍ സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. അപകീര്‍ത്തിയുമായി ബന്ധപ്പെട്ട വകുപ്പുകളനുസരിച്ചും കേസെടുത്തിരുന്നു. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനത്തെ വിമര്‍ശിച്ചും സര്‍ക്കാറിന്റെ പരാജയം തുറന്ന് കാണിച്ചും തയ്യാറാക്കിയ റിപോര്‍ട്ടാണ് ബിരേന്‍ സിംഗ് സക്കാറിനെ പ്രകോപിപ്പിച്ചത്.മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും സംസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരുടെയും പക്ഷപാതിത്വം തുറന്നു കാട്ടുന്നതായിരുന്നു പത്രാധിപരുടെ അഖിലേന്ത്യാ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡി (ഇ ജി ഐ)ന്റെ റിപോര്‍ട്ട്. മെയ്‌തെയ്- കുകി സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെയ്‌തെയ് വിഭാഗത്തെ പിന്തുണച്ചുവെന്നും സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ പല വാര്‍ത്തകളും തമസ്‌കരിക്കുകയും വ്യാജവാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *