ഡബ്ലിൻ: പരുക്ക് കാരണം ദീർഘകാലം സജീവ ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കേണ്ടി വന്ന ഇന്ത്യൻ പേസ് ബൗളർമാർ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും തിരിച്ചുവരവ് ഗംഭീരമാക്കി. അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരുവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴ കാരണം പാതിവഴി അവസാനിപ്പിച്ച മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിന്‍റെ ജയവും കുറിച്ചു.
11 മാസത്തെ ഇടവേളയ്ക്കു ശേഷം മത്സരത്തിനിറങ്ങിയ ബുംറ ഈ പര്യടനത്തിൽ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ തന്നെയാണ് ആദ്യ ഓവർ എറിയാനെത്തിയത്. ആദ്യ പന്തിൽ ബൗണ്ടറി വഴങ്ങിയെങ്കിലും, രണ്ടാം പന്തിൽ ഐറിഷ് ഓപ്പണർ ആൻഡി ബാൽബേണി ക്ലീൻ ബൗൾഡ്. ഇൻസ്വിങ്ങറിൽ പ്ലെയ്ഡ് ഓൺ ആകുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ സ്കൂപ്പിനു ശ്രമിച്ച ലോർക്കൻ ടക്കർക്ക് പിഴച്ചു. വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് സിമ്പിൾ ക്യാച്ച്. നാലോവർ ക്വോട്ട പൂർത്തിയാക്കിയ ബുംറ 24 റൺസ് വഴങ്ങി.
അർഷ്ദീപ് സിങ്ങാണ് ബുംറയുമായി ന്യൂബോൾ പങ്കുവച്ചത്. ഫസ്റ്റ് ചെയ്ഞ്ചായെത്തിയ പ്രസിദ്ധ് കൃഷ്ണ നാലോവറിൽ 32 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി 14 ഏകദിനങ്ങൾ കളിച്ചിട്ടുള്ള പ്രസിദ്ധിന് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ അരങ്ങേറ്റം കൂടിയായിരുന്നു ഈ മത്സരം.
ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായ രവി ബിഷ്ണോയിക്കും ലഭിച്ചു രണ്ടു വിക്കറ്റ്. അർഷ്ദീപിന് ഒരു വിക്കറ്റും. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് അയർലൻഡ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്ക്ക്‌വാദും ചേർന്ന് 6.2 ഓവറിൽ 46 റൺസെടുത്തു. 19 റൺസെടുത്ത ജയ്‌സ്വാൾ പുറത്തായതിനു പിന്നാലെ മൂന്നാം നമ്പറിലിറങ്ങിയ തിലക് വർമ ആദ്യ പന്തിൽ തന്നെ പുറത്തായി. തുടർന്നെത്തിയ സഞ്ജു സാംസൺ ഒരു റണ്ണെടുത്തു നിൽക്കുമ്പോഴേക്കും മഴയെത്തി. ഗെയ്ക്ക്‌വാദ് 24 റൺസെടുത്തു പുറത്താകാതെ നിന്നു.
മഴ തോരാൻ സാഹചര്യമില്ലാതെയാണ് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിച്ചത്.



