ഇന്ത്യൻ പെലെ ‘എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ്(74) അന്തരിച്ചു. 2023 ഓ​ഗസ്റ്റ് 15 ചൊവ്വാഴ്ച ഹൈദരാബാദിലായിരുന്നു ഹബീബിൻറെ അന്ത്യം. മറവിരോഗം പാർക്കിൻസൺസ് രോഗങ്ങൾ മൂലം ചികിത്സയിലായിരുന്നു. . ഇന്ത്യൻ ഫുട്ബോളിൻറെ സുവർണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി കളിച്ച ഹബീബ് 1970 ഏഷ്യൻ ഗെയിംസിൽ സയ്യിദ് നയീമുദ്ദീൻറെ നേതൃത്വത്തിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

രാജ്യം കണ്ട ഏറ്റവും മികച്ച മിഡ് ഫീൽഡറും പ്ലേ മേക്കറുമായിരുന്ന ഹബീബ് ‘ഇന്ത്യൻ പെലെ ‘എന്നാണ് അറിയപ്പെട്ടിരുന്നത്. 1970ൽ ബ്രസീൽ ഇതിഹാസം സാക്ഷാൽ പെലെയുടെ ന്യൂയോർക്ക് കോസ്മോസ് ടീമിനെതിരെ മോഹൻ ബഗാൻ മത്സരിച്ചപ്പോൾ ഹബീബ് സ്കോർ ചെയ്തിരുന്നു.അന്ന് പെലെയുടെ പ്രശംസ ഏറ്റുവാങ്ങാനും ഹബീബിനായി.

ഇന്ത്യൻ കുപ്പായത്തിൽ 35 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടിയിട്ടുണ്ട്. തെലങ്കാന സ്വദേശിയായ ഹബീബ് സന്തോഷ് ട്രോഫിയിൽ ബംഗാളിനായാണ് കളിച്ചത്. 1969ൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിൽ അംഗമായിരുന്ന ഹബീബ് രണ്ട് ഹാട്രിക്ക് ഉൾപ്പെടെ 11 ഗോളുകളുമായി ടൂർണമെൻറിലെ ടോപ് സ്കോററുമായി.

കൊൽക്കത്ത ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനുവേണ്ടി ഐഎഫ്എ ഷീൽഡും, ഫെഡറേഷൻ കപ്പും നേടിയിട്ടുള്ള ഹബീബ് മോഹൻ ബഗാൻ കുപ്പായത്തിലും ഫെഡറേഷൻ കപ്പ് നേടിയിട്ടുണ്ട്. മുഹമ്മദൻസ് സ്പോർട്ടിംഗിൻറെ മുൻ പരിശീലകനുമായിരുന്നു ഹബീബ്.

ടാറ്റാ ഫുട്ബോൾ അക്കാദമിയുടെ വളർച്ചയിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഹബീബ്. ഹാൽദിയയിലെ ടാറ്റാ ഫുട്ബോൾ അക്കാദമിയിലെ പരിശീലകനായിരുന്നു. 1980ൽ രാജ്യം അർജുന അവാർഡ് നൽകി ഹബീബിനെ ആദരിച്ചു. ബംഗാൾ സർക്കാരിൻറെ ഭാരത് ഗൗരവ് പുരസ്കാരം, ബംഗ ബിഭൂഷൺ പുരസ്കാരം എന്നിവ നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →