തൃശൂർ: ചെറുമകന് മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് കുറ്റം സമ്മതിച്ചതായി പൊലീസ്. ദമ്പതികളുടെ ചെറുമകന് അക്മൽ ആണ് പൊലീസ് പിടിയിലാവുന്നത്. തൃശൂർ വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി ( 65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്നും കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങളും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് പ്രതി നൽകുന്നത് പരസ്പരവിരിദ്ധമായാണ് മൊഴി നൽകുന്നത്. മംഗലാപുരത്തു നിന്നും പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ലഹരിമരുന്നിന് പണം ആവശ്യപ്പെട്ടുണ്ടായ തർക്കമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പ്രഥമിക മൊഴി. തിരൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പ്രതി 4 മാസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. തിങ്കളാഴ്ച രാവിലെ ഭക്ഷണവുമായി എത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.

