കോഴിക്കോട് : കൊയിലാണ്ടിയിൽ ആശുപത്രിക്കുള്ളിൽ യുവാവിന്റെ ആക്രമണം. അക്രമാസക്തനായ യുവാവ് ആശുപത്രിയിലെ ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചുതകർത്തു. 2023 ജൂലൈ19 ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവമുണ്ടായത്. ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചുതകർത്ത ഇയാൾ ചില്ല് കഷ്ണമെടുത്ത് സ്വയം കഴുത്തറക്കാനും ശ്രമിച്ചു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഏറെ പണിപ്പെട്ടാണ് പൊലീസുകാർ ശാന്തനാക്കിയത്. യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിൽ ഒരു പൊലീസുകാരനും പരുക്കേറ്റു.
ബസിലും ട്രെയിനിലുമായി കഴിഞ്ഞ ദിവസം സഞ്ചരിച്ച പ്രതി തന്നെ ആരോ അക്രമിക്കാൻ വരുന്നുവെന്ന് പരാതിപ്പെട്ട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. തുടർന്ന് പൊലീസുകാരുമായി സംസാരിച്ച പ്രതി, സ്റ്റേഷനിൽ വച്ച് തന്നെ സ്വയം തലയ്ക്ക് മുറിവേൽപ്പിച്ചു. ഈ മുറിവിന് ചികിത്സയ്ക്കാനാണ് യുവാവിനെ പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് കെട്ടുന്നതിനിടെ പ്രകോപനമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



