റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉമ്മൻചാണ്ടിയുടെ മരണവിവരം അറിഞ്ഞപ്പോൾ തന്നെ ശശികുമാർ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലേക്ക് ഓടിയെത്തി. 2023 ജൂലൈ 18 ന് രാവിലെ പുതുപ്പള്ളിയിൽ എത്തിയ ശശികുമാർ ഇതുവരെ തിരിച്ച് വീട്ടിലേക്ക് പോയിട്ടില്ല.ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാൻ വാഹനം അനുവദിച്ച് നൽകിയത് ഉമ്മൻചാണ്ടിയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി എത്തുന്ന ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്കുകാണാൻ കാത്തിരിക്കുകയാണ് ശശികുമാർ.

‘2014നാണ് ഉമ്മൻചാണ്ടി ഈ വാഹനം വാങ്ങിത്തന്നത്. ഇപ്പോൾ എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്റെ വലംകയ്യാണ് നഷ്ടപ്പെട്ടത്. പാവങ്ങളുടെ അത്താണിയായിരുന്നു സാർ. അങ്ങനെയേ ഞാൻ വിളിക്കൂ. ഉമ്മൻചാണ്ടിയെന്ന പേര് വിളിക്കില്ല. ഇന്നലെ വെളുപ്പിനെ മരണവിവരം അറിഞ്ഞപ്പോൾ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ തോന്നി. കുളിക്കാനും പല്ലുതേക്കാനുമൊന്നും നിന്നില്ല, നേരെ ഇങ്ങോട്ട് പോരുകയായിരുന്നു. അവസാനമായി ഒരുനോക്ക് കാണണം…’ ശശികുമാർ പറഞ്ഞു.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഒരു നാടാകെ വിങ്ങുകയാണ്. രോഗത്തിന്റെ അവശതകൾക്കിടയിലും പഴയ ഊർജസ്വലമായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ പലരും ധരിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ ഓർമകളിൽ വൈക്കം സ്വദേശി ശശികുമാറുമുണ്ട്.

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. എംസി റോഡ് വഴിയാണു കോട്ടയത്തേക്കുള്ള യാത്ര. ജനനായകാനെ അവസാനമായി ഒരുനോക്ക് കാണാൻ ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ആളുകളുടെ നീണ്ടനിരയാണ്. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. വൈകിട്ട് 6നു ഡിസിസി ഓഫിസിനു മുന്നിൽ പ്രത്യേക പന്തലിൽ അന്തിമോപചാരം അർപ്പിക്കുന്നതിനു സൗകര്യം ഒരുക്കും. പിന്നീട് തിരുനക്കര മൈതാനത്തു രാത്രി 10 വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീടായ പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ മൃതദേഹമെത്തിക്കും. 2023 ജൂലൈ 20ന് ഉച്ചയ്ക്ക് ഒരുമണിക്കു സംസ്‌കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *