റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : മുതലപ്പൊഴി അപകടങ്ങളിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ലത്തീൻ സഭ. ഇക്കാര്യം ആവശ്യപ്പെട്ട് സഭ മുഖ്യമന്ത്രിക്ക് കത്തയച്ചു. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമായി പ്രത്യേക പാക്കേജ് വേണമെന്നാണ് ആവശ്യം. മുതലപ്പൊഴിയിൽ ശാസ്ത്രീയ പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

2023 ജൂലൈ 10 തിങ്കളാഴ്ച രാവിലെ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് 4 തൊഴിലാളികളെ കാണാതാവുകയായിരുന്നു. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം നടന്നത് . പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

മുതലപ്പൊഴിയിലെ തുടരപകടങ്ങളിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല അറിയിച്ചിരുന്നു. അന്വേഷണത്തിനായി വിദഗ്ദ സമിതിയെ അയക്കുമെന്ന് പുരുഷോത്തം രൂപാല പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിക്കും. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. മുതലപ്പൊഴിയിലെ സംഘർഷം സംസ്ഥാനത്തെ ക്രമസമാധാന വിഷയമെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ച ബിജു ആൻ്റണിയുടെയും റോബിൻ എഡ്വിൻ്റെയും സംസ്കാരം 2023 ജൂലൈ 16 ന് നടക്കും. പുതുക്കുറിച്ചി സെൻ്റ് മൈക്കിൾസ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിലും ഫാദർ യൂജിൻ പേരയ്ക്കെതിരെ കേസെടുത്തതിലും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

വികാരി ജനറൽ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഈ മാസം 16ന് സംസ്ഥാനത്ത് ബഹുജന പ്രതികരണ സംഗമ പരിപാടികൾ സംഘടിപ്പിക്കും. മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാർ തീരദേശ മേഖലയിലെ ജനങ്ങളെ അപമാനിച്ചു എന്ന് ആരോപിച്ചു പ്രതിപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽപ്പെട്ട സംഭവത്തിൽ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.കാണാതായവരിൽ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയിൽ വച്ച് മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *