ന്യൂഡൽഹി ∙ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി നേതൃത്വത്തിലെ തർക്കത്തിന്റെ കാര്യത്തിൽ കോൺഗ്രസിനെ കടത്തിവെട്ടുകയാണ് ബിജെപി. 2023 ൽ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ തർക്കങ്ങൾ ഉടനെ പരിഹരിച്ചില്ലെങ്കിൽ പലയിടത്തും കർണാടക ആവർത്തിക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. സംസ്ഥാനങ്ങളിലെ തർക്കങ്ങളും ജാതി സമവാക്യ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമം കേന്ദ്ര മന്ത്രിസഭയിലെ അഴിച്ചുപണിയിലൂടെ ഉണ്ടാകുമെന്നാണ് സൂചന.
കർണാടകയിൽ 2023 ജൂലൈ 3 ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ, ഇനിയും നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ സാധിച്ചിട്ടില്ല. നളിൻ കട്ടീലിനു പകരം ആരെ സംസ്ഥാന അധ്യക്ഷനാക്കണമെക്കണമെന്നതിലും തർക്കം തുടരുകയാണ്.
മധ്യപ്രദേശിൽ സംസ്ഥാന അധ്യക്ഷൻ വി.ഡി.ശർമയും ചൗഹാനുമായുള്ള തർക്കം തീർക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ശ്രമം എങ്ങുമെത്തിയിട്ടില്ല . രാജസ്ഥാനിൽ വസുന്ധര രാജെയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ ദേശീയ നേതൃത്വത്തിനു താൽപര്യമില്ല. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെ സംസ്ഥാനത്തേക്കു വിടാൻ നേതൃത്വം താൽപര്യപ്പെടുന്നു. ഛത്തീസ്ഗഡിൽ പാർട്ടി തീർത്തും ദുർബലസ്ഥിതിയിലാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി താൻതന്നെ എന്ന മട്ടിലാണ് മുൻ മുഖ്യമന്ത്രി രമൺ സിങ് നീങ്ങുന്നത്. ഒബിസി നേതാവായ ഒ.പി.ചൗധരിക്കായി വാദിക്കുന്നവരുമുണ്ട്.
തെലങ്കാനയിൽ പാർട്ടി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ പരാജയം നേരിടുമെന്നാണ് ബിആർഎസിൽ നിന്നെത്തിയ വിമത നേതാവ് ഈത്തല രാജേന്ദർ വാദിക്കുന്നത്. കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡിയെ അധ്യക്ഷനാക്കി, ബണ്ടി സഞ്ജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയെന്ന ആലോചനയുണ്ട്. എന്നാൽ, താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ പാർട്ടിയിൽനിന്നു വിട്ടുപോകുമെന്നാണ് രാജേന്ദറിന്റെ അനുയായികൾ ഭീഷണി മുഴക്കിയിട്ടുള്ളത്. അടുത്ത വർഷം തിരഞ്ഞെടുതിരഞ്ഞെടുപ്പു നടക്കുന്ന ഹരിയാന, ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സംഘടനാപ്രശ്നങ്ങൾ രൂക്ഷമാണ്

