തിരുവനന്തപുരം: ∙ എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബെനാമി കള്ള് ഷാപ്പ് ഇടപാടുകളിൽ ഒന്ന് പുറത്ത്. തൃശൂർ ചാലക്കുടി സ്വദേശി ശ്രീധരനാണ് കള്ള് ഷാപ്പുകൾ ബെനാമി പേരിൽ നടത്തുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 12 റേഞ്ചുകളിലെ കള്ളു ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. ശ്രീധരന്റെ ബന്ധുക്കളുടെ പേരിൽ തൊണ്ണൂറോളം ഷാപ്പുകൾ ബെനാമി പേരിൽ നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചു.
പഞ്ചാബിലെ കായ സ്പിരിറ്റ് എന്ന ഡിസ്റ്റലറിക്ക് 35 ലക്ഷം രൂപ ശ്രീധരൻ കൈമാറിയതായും എക്സൈസ് പരിശോധനയിൽ കണ്ടെത്തി. കള്ളുഷാപ്പിന്റെ പ്രവർത്തനത്തിന് ഡിസ്റ്റലറികളിൽനിന്ന് സ്പിരിറ്റ് വാങ്ങേണ്ടതില്ല.വ്യാജ കള്ള് ഉണ്ടാക്കാനാണ് സ്പിരിറ്റ് വാങ്ങിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സംശയം ഉള്ളതിനാൽ അതേക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
അബ്കാരി നിയമപ്രകാരം ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാം. ലൈസൻസ് ലഭിച്ചയാൾ ലൈസൻസോ നടത്തിപ്പ് അവകാശമോ മറ്റൊരാൾക്ക് കൈമാറാൻ പാടില്ല. ദക്ഷിണമേഖല എക്സൈസ് ഇൻറലിജൻസ് ബ്യൂറോ അസി.എക്സൈസ് കമ്മിഷണർ സംസ്ഥാനത്തെ എൺപതിൽപരം കള്ള് ഷോപ്പുകൾ ശ്രീധരൻ ബെനാമിയായി നടത്തുകയാണെന്ന് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ബെനാമിയായി കള്ള് ഷാപ്പുകൾ നടത്തുന്നുവെന്ന് തെളിഞ്ഞത്. ഷാപ്പുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്ന കമ്പനി ശ്രീധരന്റെ ഭാര്യയുടെ പേരിലാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

