സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

അപകട സാധ്യത ഇല്ല, എന്നാലോ ബാങ്ക് എഫ്ഡിയെക്കാള്‍ ലാഭകരവും. ഇത്തരത്തിലൊരു സമ്പാദ്യപദ്ധതിയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എങ്കില്‍ റിസര്‍വ് ബാങ്കിന്റെ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് നിങ്ങള്‍ക്കുള്ള മികച്ച മാര്‍ഗമാണ്. 2020ലാണ് ആര്‍ബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് പുറത്തിറക്കുന്നത്. 7.15ശതമാനമായിരുന്നു അന്ന് പലിശ നിരക്ക്. മറ്റ് ലഘുസമ്പാദ്യ പദ്ധതികള്‍ വച്ച് നോക്കുമ്പോള്‍ അന്ന് വലിയ ലാഭമൊന്നും ഈ പദ്ധതി വാഗ്ദാനം ചെയ്തിരുന്നില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധി പോലുള്ളവയ്ക്ക് അന്ന് 8 ശതമാനത്തിലധികം പലിശയും കിട്ടിയിരുന്നു. എന്നാല്‍ ഇക്കൊല്ലം ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശനിരക്ക് എട്ടുശതമാനത്തിന് മുകളിലേക്കാണെന്നാണ് സൂചന. ലഘു സമ്പാദ്യ പദ്ധതിയായ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശ നിര്‍ണയിക്കുന്നത്. അടുത്തിടെ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശനിരക്ക് 7.7 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ 0.35 ശതമാനം കൂടുതലായാണ് ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശ നിശ്ചയിക്കുക. നിലവില്‍ 7.35 ശതമാനമാണ് ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശ. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശനിരക്ക് 7.7 ശതമാനമായ സ്ഥിതിക്ക്, ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശയും വര്‍ധിക്കേണ്ടതുണ്ട്. 7.7 ശതമാനത്തിന്റെ കൂടെ 0.35 ശതമാനം കൂടി വര്‍ധിപ്പിച്ചാല്‍ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശ 8.05 ശതമാനമാകും. അതായത് വരുന്ന ജൂലൈ ഒന്നുമുതല്‍ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ടിന്റെ പലിശ 8.05 ശതമാനമാകും.പലിശ എട്ടുശതമാനം കടക്കുന്നതോടെ, സ്ഥിര നിക്ഷേപം, ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയേക്കാള്‍ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് കൂടുതല്‍ ആകര്‍ഷണീയമാകുമെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.

ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ട് എന്ത് കൊണ്ട് തിരഞ്ഞെടുക്കണം?

്‌റിസ്‌കില്ല- സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്കാണ് ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റ് നിക്ഷേപ പദ്ധതികള്‍ക്കുമുള്ള റിസ്‌കില്ല.

ആറുമാസംകൂടമ്പോള്‍ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ടാണ് ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ടിന്റെ പലിശ നിരക്കില്‍ മാറ്റം വരുന്നത്. ഓരോ ആറുമാസ കാലവധിയിലും മാറ്റം ഉണ്ടാവും. നിലവില്‍ എന്‍എസ് സിയുടെയും മറ്റ് ലഘുസമ്പാദ്യ പദ്ധതിയുടേയപംപലിശ നിരക്ക് 7.5നും 8നുമിടയിലാണ്.അതുകൊണ്ട് തന്നെ പലിശ ഉയരുന്ന സാഹചര്യമാണ് മുന്നോട്ടെന്നാണ് വിലയിരുത്തല്‍. അത് നിക്ഷേപകന് ഗുണകരമാകും. എന്‍എസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക.

നിക്ഷേപം ബാങ്കുകളിലൂടെ തന്നെ നടത്താം-പൊതുമേഖല ബാങ്കുകള്‍, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉള്‍പ്പടെയുള്ള സ്വകാര്യ ബാങ്കുകള്‍ വഴി എളുപ്പത്തില്‍ നിക്ഷേപിക്കാനും കഴിയും.

ഇലക്ട്രോണിക് രൂപം- ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകള്‍ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജര്‍ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളാണ് കൈമാറുക.

സ്ഥിരതയാര്‍ന്ന വരുമാനം: കൃത്യമായ ഇടവേളയില്‍ സ്ഥിരമായി വരുമാനം ബോണ്ടില്‍നിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക.

കുറഞ്ഞ നിക്ഷേപത്തില്‍ ആരംഭിക്കാം- കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം.

കാലാവധിയ്ക്ക് മുന്‍പും പിന്‍വലിക്കാം- ഏഴുവര്‍ഷമാണ് ഈ ബോണ്ടിന്റെ കാലാവധി. എന്നാല്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. 60നും 70നും ഇടയിലാണ് പ്രായമെങ്കില്‍ ആറുവര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ പണം പിന്‍വലിക്കാം. 70നും 80നും ഇടയിലാണെങ്കില്‍ അഞ്ചുവര്‍ഷവും 80നുമുകളിലാണെങ്കില്‍ 4വര്‍ഷവും പൂര്‍ത്തിയാക്കിയാല്‍ പണം പിന്‍വലിക്കാന്‍ അനുവദിക്കും.

ചില മുന്നറിയിപ്പുകള്‍

ആദായനികുതി ഇളവില്ല-ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ടിന്റെ പ്രധാന പോരായ്മ ആദായനികുതി ഇളവുകളൊന്നുമില്ലെന്നതാണ്.
പണം പിന്‍വലിക്കുമ്പോള്‍ പലിശ വരുമാനത്തിന് ആദായനികുതി നല്‍കണം. അതുകൊണ്ട് തന്നെ ഉയര്‍ന്ന സ്ലാബില്‍(20ശതമാനം മുതല്‍ 30ശതമാനംവരെ)ആദായനികുതി നല്‍കുന്നവര്‍ക്ക് പദ്ധതിയില്‍നിന്നുള്ള നേട്ടം പരമിതമായിരിക്കും.

കൂട്ടുപലിശയില്ല- ആറുമാസംകൂടുമ്പോള്‍ പലിശ നല്‍കുന്നതിനാല്‍ പലിശയ്ക്കുമേല്‍ പലിശലഭിക്കാനുള്ള അവസരമില്ല.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *