ന്യൂഡല്‍ഹി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ (ഡബ്ല്യു.എ.പി.സി.ഒ.എസ്-വാപ്കോസ്) മുന്‍ സി.എം.ഡി: രജീന്ദര്‍ കുമാര്‍ ഗുപ്തയെയും മകന് ഗൗരവിനെയും അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഇരുവരുടെയും വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുകളില് 38 കോടി രൂപ പിടിച്ചെടുത്തു. ഡല്‍ഹി, ഗുഡ്ഗാവ്, ചണ്ഡിഗഡ്, സോനെപത്, ഗാസിയാബാദ് എന്നിവിടങ്ങളിലായി 19 സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. രജീന്ദര്‍ കുമാര്‍ ഗുപ്ത സ്ഥാപനമേധാവിയായിരുന്ന 2011 ഏപ്രില്‍ ഒന്ന്- 2019 മാര്‍ച്ച് 31 കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കേസെടുത്തതായും സി.ബി.ഐ. അറിയിച്ചു. രജീന്ദര്‍ കുമാര്‍ ഗുപ്ത, ഭാര്യ റീമ സിംഗാള്‍, മകന് ഗൗരവ് സിംഗാള്‍, മരുമകള്‍ കോമള്‍ സിംഗാള്‍ എന്നിവര്‍ക്കെതിരേയാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1989-ലാണ് രജീന്ദര്‍ കുമാര്‍ ഗുപ്ത വാപ്കോസില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2010 ഏപ്രിലില്‍ അഞ്ചുവര്‍ഷ കാലത്തേക്ക് സി.എം.ഡിയായി. ഇത് അവസാനിക്കുംമുമ്പ് ആദ്യം 2018 സെപ്റ്റംബര്‍ 30 വരെയും പിന്നീട് 2020 സെപ്റ്റംബര്‍ 30 വരെയും സര്‍വീസ് ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. സേവനകാലയളവില്‍ രജീന്ദര്‍ കുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. വിരമിച്ചശേഷം ഇദ്ദേഹം സ്വകാര്യകമ്പനിയുടെ പേരില്‍ ഡല്‍ഹിയില്‍ കണ്‍സള്‍ട്ടന്‍സി ബിസിനസ് ആരംഭിച്ചു. അനധികൃതമാര്‍ഗത്തിലൂടെ പണം കണ്ടെത്തിയ രജീന്ദര്‍ കുമാര്‍ ഡല്‍ഹിക്കും സമീപപ്രദേശങ്ങളിലുമായി ഫ്ളാറ്റുകളും ഫാം ഹൗസുകളും വാങ്ങിക്കൂട്ടി. ഇതില്‍ പലതും കുടുംബാംഗങ്ങളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

