റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അനുകൂലിക്കുന്ന രണ്ടു നേതാക്കള്‍ ഒരേ ദിവസം മരിച്ചു. റഷ്യന്‍ പാര്‍ലമെന്റ് ഡ്യൂമയില്‍ ഭരണകക്ഷിയായ യുെണെറ്റഡ് റഷ്യ പാര്‍ട്ടിയുടെ പ്രതിനിധികളായ നിക്കോളയ് ബോര്‍ട്‌സോവ് (77), സഷാര്‍ബെക്ക് ഒസ്‌ഡെനോവ് (57) എന്നിവരാണ് മരിച്ചത്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു ഒസ്‌ഡെനോവ്. എന്നാല്‍, ബോര്‍ട്‌സോവിനെ ലിപെസിക്കിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണകാരണം സംബന്ധിച്ച് ഇതുവരെ വിശദീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രൈനെ ആക്രമിച്ചതു മുതല്‍ പുടിന്‍ അനുകൂലികളായ 20 ഓളം റഷ്യന്‍ നേതാക്കളാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. ഇവരില്‍ പലരും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നവരുമാണ്. അതേസമയം, യുക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ യു.എസ്. ഉപരോധ മേര്‍പ്പെടുത്തിയ റഷ്യന്‍ നേതാക്കളില്‍ കഴിഞ്ഞ ദിവസം മരിച്ച ബോര്‍ട്‌സോവും ഉള്‍പ്പെടും. 50 കോടി ഡോളറിലധികം ആസ്തിയുള്ള ബോര്‍ട്‌സോവ് അതിധനികരായ റഷ്യന്‍ രാഷ്ട്രീയക്കാരിലൊരാളാണ്. ഇദ്ദേഹം ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടിയതായി 2019 ല്‍ രേഖകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ബോര്‍ട്‌സോവ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ഖനനം, പരിസ്ഥിതി എന്നിവ സംബന്ധിച്ച റഷ്യന്‍ പാര്‍ലമെന്റ് സമിതികളില്‍ അംഗമായിരുന്നു മരിച്ച ഒസ്‌ഡെനോവ്. ഇദ്ദേഹത്തിനെതിരേയും യു.എസും ന്യൂസിലാന്‍ഡുമടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നു. പുടിന്‍ വിമര്‍ശകനായ റഷ്യന്‍ സംഗീതജ്ഞന്‍ ജെഷാര്‍വിക് ബോര്‍സോവിക് കഴിഞ്ഞ മാസം അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. മഞ്ഞുറഞ്ഞ നദി മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. റഷ്യയില്‍ യുദ്ധ വിരുദ്ധ പോരാട്ടങ്ങളുടെ തീം സോങ്ങായി ഉപയോഗിക്കുന്നത് ബോര്‍സോവിക്കിന്റെ ഗാനങ്ങളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *