ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എട്ട് വനിതകൾ ഉൾപ്പെടെ 189 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 52 പേർ പുതുമുഖങ്ങളാണ്. 2023 മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിങ് മണ്ഡലമായ ഷിഗ്ഗാവിൽ നിന്ന് മത്സരിക്കും. ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര ശിക്കരിപ്പുര മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഡി കെ ശിവകുമാറിനെതിരെ കനകപുര മണ്ഡലത്തിൽ ആർ അശോക ആണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്.
മുൻ മുഖ്യമന്ത്രി സിദ്ധരാമ്മയ്യയ്‌ക്കെതിരെ വരുണയിൽ സോമണ്ണ ബിജെപിക്ക് വേണ്ടി മത്സരിക്കും. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തീർത്ഥഹള്ളി മണ്ഡലത്തിൽ മത്സരിക്കും. കർണാടക മന്ത്രി ഡോ.അശ്വത്‌നാരായൺ സി എൻ മല്ലേശ്വരത്ത് നിന്നും മന്ത്രി ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർത്ഥ് സിംഗ് കാംപ്ലിയിൽ നിന്നും മത്സരിക്കും.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്നും മന്ത്രി ബി ശ്രീരാമുലു ബെല്ലാരി റൂറലിലും രമേശ് ജാർക്കി ഹോളി തന്റെ മണ്ഡലമായ ഗോകക്കിൽ നിന്നും ജനവിധി തേടും.

