തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കൊല്‍ക്കത്ത രാജ്ഭവന്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. രാഷ്ട്രപതിയെ ആദരിക്കുന്നതിനായി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് ഗവര്‍ണര്‍ ഡോ. ആനന്ദബോസ് രാജ്ഭവന്റെ താക്കോലിന്റെ പ്രതീകം കൈമാറിയത്. തുടര്‍ന്ന് രാഷ്ട്രപതി രാജ്ഭവന്റെ താക്കോല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കൈമാറി.
ഇതോടെ കൊല്‍ക്കത്ത രാജ്ഭവന്‍ ജന്‍ രാജ്ഭവനായി. മറ്റ് രാജ്ഭവനുകളില്‍ സാധാരണക്കാര്‍ക്ക് പ്രവേശനം ഇല്ല. രാജ്യത്ത് നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കൊല്‍ക്കത്തയില്‍നിന്നു തന്നെ ജനസൗഹൃദ രാജ്ഭവന്‍ എന്ന ആശയത്തിനു തുടക്കം കുറിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഡോ. ആനന്ദബോസ് പറഞ്ഞു.

