റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉഷ്ണകാല മുന്നൊരുക്കങ്ങൾ : ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവെക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

March 7, 2023 - 8:36 am

ന്യൂഡൽഹി: ഉഷ്ണകാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. കന്നുകാലിത്തീറ്റ, അണക്കെട്ടുകളിലെ ജലത്തിന്റെ ലഭ്യത എന്നിവ ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നിർദേശിച്ചു. ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചുവെക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകി. സാധാരണക്കാർക്കും ആരോഗ്യപ്രവർത്തകർക്കും ദുരന്തനിവാരണ സേനാംഗങ്ങൾക്കുമുള്ള ബോധവത്കരണ സാമഗ്രികൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.

കാലവർഷ പ്രവചനത്തേക്കുറിച്ചും റാബി വിളകൾക്കുമേൽ കാലാവസ്ഥയുടെ സ്വാധീനത്തേക്കുറിച്ചും ആരോഗ്യസംവിധാനങ്ങളുടെ തയ്യാറെടുപ്പുകളെക്കുറിച്ചും വേനലുമായി ബന്ധപ്പെട്ട ദുരന്ത ലഘൂകരണ നടപടികളെക്കുറിച്ചും അധികൃതർ അദ്ദേഹത്തോട് വിവരിച്ചു. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിനോട് ഓരോ ദിവസത്തേയും കാലാവസ്ഥാ പ്രവചനം തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാ ആശുപത്രികളിലും വിശദമായ ഫയർ ഓഡിറ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

കാട്ടുതീ നേരിടുന്നതിനുള്ള നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ഉയർന്ന താപനിലയെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ പ്രത്യേകം ക്ലാസുകൾ നൽകണം. ചൂട് കാലാവസ്ഥയിൽ ചെയ്യാവുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച്, സാധ്യമായ എല്ലാ രീതികളിലും അവബോധം നൽകാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരസ്യങ്ങളും ലഘുലേഖകളും തയ്യാറാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി.

യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ- കുടുംബക്ഷേമ സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *