കോട്ടയം: ഗൈനക്കോളജി ഒപിയില്‍ അര്‍ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി മുഴങ്ങുന്നു. പ്രേതസിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങള്‍ നടക്കുന്നത് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലാണ് നാഗവല്ലി മോഡല്‍ വിളയാട്ടം. അര്‍ധരാത്രിയില്‍ കേള്‍ക്കുന്ന സ്ത്രീയുടെ നിലവിളിശബ്ദം ജീവനക്കാരുടെ ഉറക്കം കെടുത്തുകയാണ്. പലരും ഈ ശബ്ദം കേട്ടെങ്കിലും എവിടെനിന്നാണ് ഇതു വരുന്നതെന്ന കാര്യംമാത്രം കണ്ടെത്താനായിട്ടില്ല. നിലവിളി പലതവണ ആവര്‍ത്തിച്ചതോടെ അന്വേഷണത്തിനൊരുങ്ങുകയാണ് അധികൃതര്‍. സണ്ണി വന്ന് മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ കാത്തിരിക്കുകയാണ് ഏവരും.
രാത്രിയില്‍ പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണത്രേ ഗൈനക്കോളജി ഒപിയില്‍നിന്ന് പതിവായി ശബ്ദം കേള്‍ക്കുന്നത്. ‘പെട്ടെന്ന് എന്നെ രക്ഷിക്കണേ’ എന്ന സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് കെട്ടിടത്തിലെ ജീവനക്കാരും മറ്റുള്ളവരും ഉണര്ന്നുവങ്കിലും ആരും ശബ്ദംകേട്ട ഭാഗത്തേക്ക് പോകാന്‍ ധൈര്യപ്പെട്ടില്ല. രണ്ടുതവണ ശബ്ദം കേട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.
ഞായറാഴ്ച വൈകീട്ട് ഒപി പൂട്ടാന്‍ ചെന്ന സുരക്ഷാ ജീവനക്കാരി പത്തു മിനിട്ട് പരിശ്രമിച്ചിട്ടും വാതില്‍ പൂട്ടാന്‍ സാധിച്ചില്ല. ഏറെ പണിപ്പെട്ടാണ് വാതില്‍ പൂട്ടിയത്. ഇതോടെ ഭയന്നുപോയ ജീവനക്കാരി ഇനി ആ ഭാഗത്തേക്ക് പൂട്ടാന്‍ താന്‍ പോവില്ലെന്നും അതിനു സമീപമുള്ള വിശ്രമമുറിയില്‍ രാത്രിയില്‍ പോവില്ലെന്നും അധികൃതരെ അറിയിച്ചുകഴിഞ്ഞു. എന്തായാലും സംഭവം പരിശോധിക്കാന്‍ തന്നെയാണ് അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. പരിസരത്തെ ഏതോ സ്വകാര്യ ആശുപത്രിക്കാര് പറഞ്ഞുണ്ടാക്കുന്ന വെറും കിംവദന്തിയണെന്നും ആളുകള്‍ പറയുന്നുണ്ട്.




