ന്യൂഡല്‍ഹി: ഗുരുതര ശ്വസനപ്രശ്നങ്ങള്‍ നേരിടുന്ന കൊവിഡ് രോഗികള്‍ക്ക് സോറിയാസിസ് ചികിത്സയില്‍ ഉപയോഗിക്കുന്ന ഇറ്റോലിസുമാബ് എന്ന മരുന്ന് നല്‍കാനുള്ള നിര്‍ദേശത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്കി. കോവിഡ്- 19 രോഗികളെ ചികിത്സിക്കുന്നതിനായി അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മുപ്പതോളം രോഗികളില്‍ നടത്തിയ പരീക്ഷണത്തിനു ശേഷമാണ് അനുമതി നല്‍കിയത്. മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഇറ്റോലിസുമാബ് അടിയന്തരഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ നല്‍കാനാണ് നിര്‍ദേശം.
കൊറോണ വൈറസ് ബാധിച്ചവരില്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണം മൂലം സൈറ്റോക്കിന്റെ ഉല്പാദനം വര്‍ധിക്കുന്നതാണ് ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന വിദഗ്ധ കമ്മിറ്റി ക്ലിനിക്കല്‍ ട്രയലില്‍ ഇറ്റോലിസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചത്.




