കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥൻ മരിച്ച കേസിൽ അന്വേഷണസംഘം വയനാട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം തലവൻ അസിസ്റ്റന്റ് കമ്മീഷണർ സുദർശന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. റീ പോസ്റ്റ് മോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിനിടയിൽ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നുള്ള വിശ്വനാഥന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അമ്മയുടെയും സഹോദരന്റെയും മൊഴിയാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മറ്റൊരു സഹോദരന്റെ കൂടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശേഷം അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി 16 ബുധനാഴ്ച സ്ഥലത്തെത്തിയ എസ്.സി-എസ്.ടി കമ്മീഷൻ കുഞ്ഞിന്റെ ആരോഗ്യനില കണക്കിലെടുത്ത് വിശ്വനാഥന്റെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യയും കുഞ്ഞും നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ആശുപത്രിയിൽ വച്ച് അന്വേഷണസംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വ്യക്തമായിരിക്കുന്നത്.
2023 ഫെബ്രുവരി 11-ാം തീയതിയാണ് ഗവ. മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ പ്രസവത്തിന് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാനെത്തിയ വിശ്വനാഥനെ (46) ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വയനാട് കൽപ്പറ്റ പുഴമുട്ടി അഡ്ലൈഡ് പാറവയൽ കോളനി സ്വദേശിയാണ്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിൽനിന്ന് വിശ്വനാഥൻ പണവും മൊബൈൽ ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാജീവനക്കാർ ആരോപിച്ചിരുന്നതായും തെറ്റുചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും വിശ്വനാഥനെ ഇവർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചമുതൽ വിശ്വനാഥനെ കാണാതായതായി ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതിനൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പുതിയ ബസ് ടെർമിനലിന്റെ നിർമാണം നടക്കുന്ന സ്ഥലത്തിനടുത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.



