മോസ്‌കോ: ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇന്ത്യയും റഷ്യയും. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരേ പാശ്ചാത്യ ഉപരോധം തുടരുന്നതിനിടെയാണിത്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രൈനും സംഭാഷണത്തിന്റെ പാതയിലേക്ക് മടങ്ങണമെന്ന് റഷ്യ സന്ദര്‍ശിക്കുന്ന വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുക്രൈന്‍ അടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കം വലിയ പ്രതിനിധി സംഘത്തിനൊപ്പമാണ് ജയ്ശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനം. ഇന്ത്യയും റഷ്യയും തമ്മിലുളള വ്യാപാരബന്ധം കൂടുതല്‍ വിപുലമാക്കുമെന്നതിന്റെ സൂചനയാണിതെന്നു വിലയിരുത്തപ്പെടുന്നു. പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യക്ക് ഇതു സാമ്പത്തികമായി വലിയ പിന്തുണയാകും ഇത്. ഇന്ത്യക്ക് അവശ്യവസ്തുക്കളും എണ്ണയും വളവും മറ്റും കുറഞ്ഞചെലവില്‍ ലഭിക്കുകയും ചെയ്യും. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതു തുടരുമെന്നു മോസ്‌കോയിലേക്കു തിരിക്കുന്നതിനു മുമ്പ് ജയ്ശങ്കര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ, വാതക ഉപയോക്തൃ രാജ്യമെന്ന നിലയില്‍ ചെലവുകുറഞ്ഞ മാര്‍ഗങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണെന്നും റഷ്യയുമായുള്ള സഹകരണം നേട്ടമാണെന്നും ജയ്ശങ്കര്‍ പറഞ്ഞു.
കോവിഡ് മഹാമാരിയും വ്യാപാര തടസങ്ങളും മൂലം സമ്മര്‍ദത്തിലായ ലോകസാഹചര്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നതാണ് യുക്രൈന്‍ സംഘര്‍ഷം. പുരോഗതിക്കു തിരിച്ചടിയാകുന്ന ഭീകരത, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളും ലോകം നേരിടുന്നു. പൊതുവായ ആഗോള വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക വിഷയങ്ങളും റഷ്യന്‍ വിദേശമന്ത്രിയുമായി ചര്‍ച്ചചെയ്യും-ജയശങ്കര്‍ പറഞ്ഞു.




