സില്‍ഹത്: വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനല്‍ ഒക്ടോബര്‍ 15 ന് നടക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. സെമി ഫൈനലുകളില്‍ ഇന്ത്യ തായ്ലന്‍ഡിനെ 74 റണ്ണിനും ശ്രീലങ്ക പാകിസ്താനെ ഒരു റണ്ണിനും തോല്‍പ്പിച്ചു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കുന്നത്. ഏഴു തവണ ജേതാക്കളായ ഇന്ത്യക്കാണു മുന്‍തൂക്കം. 14 വര്‍ഷത്തിനു ശേഷമാണു ലങ്ക ഫൈനലില്‍ കടക്കുന്നത്.ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന് 2018 ലെ ഫൈനലിലെ തോല്‍വി മറക്കാന്‍ കിരീടം കൂടിയേ തീരു. മലേഷ്യയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇത്തവണത്തെ ആതിഥേയര്‍ കൂടിയായ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി.സില്‍ഹത് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് സന്തുലിതമാണ്. ന്യൂ ബൗളര്‍മാര്‍ക്ക് പിച്ചില്‍ ആനുകൂല്യം ലഭിക്കുമെന്നാണു റിപ്പോര്‍ട്ട്. സെറ്റാകാല്‍ സാധിച്ചാല്‍ ബാറ്റര്‍മാര്‍ക്കും പിച്ചിന്റെ ആനുകൂല്യം ലഭിക്കും. കാലാവസ്ഥയും മത്സരത്തിന് അനുകൂലമാണ്. ഇന്ത്യയും ലങ്കയും ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. ഇന്ത്യയും ലങ്കയും തമ്മില്‍ ട്വന്റി20 യില്‍ 22 വട്ടം ഏറ്റുമുട്ടി. 17 തവണ ജയിച്ച ഇന്ത്യക്കാണു മുന്‍തൂക്കം. ലങ്കന്‍ വനിതകള്‍ നാല് മത്സരങ്ങളാണു ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു. ലങ്കയ്ക്കെതിരേ നടന്ന ഏഷ്യാ കപ്പിലെ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ ഇന്ത്യക്കായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങളില്‍ പിന്തുടരുന്നവര്‍ ജയിക്കുന്ന ചരിത്രമാണു കൂടുതല്‍. 22 മത്സരങ്ങളില്‍ 12 തവണയും പിന്തുടരുന്നവര്‍ ജയിച്ചു. കഴിഞ്ഞ ഒന്നിനു നടന്ന റൗണ്ട് റോബിന്‍ മത്സരത്തില്‍ ഇന്ത്യ 41 റണ്ണിനു ജയിച്ചിരുന്നു. അവര്‍ രണ്ടുവട്ടം 71 റണ്ണിന്റെ ജയം കുറിച്ചു. 2018 സെപ്റ്റംബര്‍ 25 നും 2010 മേയ് 10 ലെ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലുമാണിത്.
യുവ താരങ്ങളാണ് ഇത്തവണ ഇന്ത്യയുടെ ആകര്‍ഷണം. 18 വയസുകാരി ഷഫാലി വര്‍മ (161 റണ്ണും മൂന്ന് വിക്കറ്റും), 22 വയസുകാരി ജമീമ റോഡ്രിഗസ് (215 റണ്‍) 25 വയസുകാരി ദീപ്തി ശര്‍മ (94 റണ്ണും 13 വിക്കറ്റും) ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിനു കാരണക്കാരായി. നായിക ഹര്‍മന്‍പ്രീത് (നാല് കളികളില്‍നിന്ന് 81 റണ്‍) ആകെ 72 പന്തുകള്‍ മാത്രമാണു നേരിട്ടതെന്നതു യുവ നിരയുടെ മികവിനു തെളിവാണ്. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്കും അധികം ആയാസപ്പെടേണ്ടി വന്നില്ല.പാകിസ്താനെതിരേ നടന്ന ലീഗ് മത്സരത്തില്‍ മാത്രമാണ് കോച്ച് രമേശ് പവാറിന്റെ തന്ത്രങ്ങള്‍ പാളിയത്.
ഹര്‍ഷിത മാദവി (201), നിലാക്ഷി ഡി സില്‍വ (124) എന്നിവരെ ഒഴിച്ചുര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റര്‍മാര്‍ക്കു പ്രതീക്ഷയ്ക്കൊത്തുയരാനായില്ല. 100 ലധികം സ്ട്രൈക്ക് റേറ്റ് നേടാന്‍ ഓഷധി രണസിങെയ്ക്കു മാത്രമാണു കഴിഞ്ഞത്. നായിക ചാമരി അട്ടപ്പാട്ടുവിന്റെ സ്ട്രൈക്ക് റേറ്റ് 85 മാത്രമാണ്. ഇടംകൈയന്‍ സ്പിന്നര്‍ ഇനോക രണവീരയെ (12 വിക്കറ്റ്) മാറ്റി നിര്‍ത്തിയാല്‍ ബൗളിങ്ങിലും പിന്നാക്കമാണ്.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വര്‍മ, സാബിനേനി മേഘന, ഹര്‍മന്‍പ്രീത് കൗര്‍ (നായിക), ദീപ്തി ശര്‍മ, ദയാലന്‍ ഹേമലത, റിചാ ഘോഷ്, പൂജാ വസ്ത്രാകര്‍, രേണുക സിങ്, രാജേശ്വരി ഗെയ്ക്വാദ്.
ടീം ശ്രീലങ്ക: ഹര്‍ഷിത സമരവിക്രമെ, ചാമരി അട്ടപ്പാട്ടു (നായിക), അനുഷ്‌ക സഞ്ജീവനി, ഹസിനി പെരേര, നിലാക്ഷി ഡി സില്‍വ, കവിഷ ദില്‍ഹരി, ഓഷധി രണസിങെ, മാല്‍ഷ ഷെഹാനി, ഇനോക രണവീര, സുഗന്ധിക കുമാരി, അചിനി കുലസൂര്യ

