തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. തമലത്തെ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് നാർക്കോട്ടിക് സെൽ പിടികൂടിയത്. പ്രാവച്ചമ്പലം സ്വദേശി അൻവറുദ്ദീനാണ് പുകിയില ഉൽപ്പനങ്ങൾ സൂക്ഷിച്ചിരുന്നത്. അൻവറുദ്ദീനെ പൊലീസ് പിടികൂടി. വിവിധ കടകളിൽ കൊണ്ടു പോയി വിൽപ്പന നടത്തുന്നതിനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആറു മാസം ഒരു സ്ഥലത്ത് വീടെടുത്ത് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തും. അതിനു ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറുന്നതാണ് അൻവറുദ്ദീൻറെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംശയത്തെ തുടർന്ന് കുറേ നാളുകളായ അൻവറുദ്ദീനെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അതേസമയം, മയക്കുമരുന്ന് കച്ചവടവും ഉപയോഗവും ഉൾപ്പെടെയുളള വിവരങ്ങൾ പോൽ-ആപ്പ് വഴി രഹസ്യമായി കൈമാറാമെന്ന് പൊലീസ് അറിയിച്ചു.
പൊലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പ് ആണ് പോൽ-ആപ്പ്. ഈ ആപ്പ് വഴി മയക്കുമരുന്നിൻറെ ഉപയോഗവും കടത്തും ഉൾപ്പെടെയുളള വിവിധ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നൽകുന്ന വിവരങ്ങള് അതീവ രഹസ്യമായിരിക്കുമെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നു മാഫിയയെ കുറിച്ച് വിവരങ്ങൾ നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ പോൽ-ആപ്പിൽ രേഖപ്പെടുത്തില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പോൽ -ആപ്പിലെ സർവ്വീസസ് എന്ന വിഭാഗത്തിൽ മോർ സർവ്വീസസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് ടു അസ് എന്ന വിഭാഗത്തിൽ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്. ഇത്തരത്തിൽ ഏത് വിവരവും പൊലീസിനെ രഹസ്യമായി അറിയിക്കാം.

