മോസ്കോ: യുക്രൈനില്‍ പുതിയ പടനീക്കത്തിനായുള്ള കരുതല്‍സേനയുടെ ഭാഗമാകുന്നതില്‍ നിന്ന് സാങ്കേതികവിദഗ്ധര്‍, ബാങ്കര്‍മാര്‍, ഔദ്യോഗിക മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ഒഴിവാക്കിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം.യുദ്ധം ശക്തിപ്പെടുത്തുന്നതിനായി മൂന്നുലക്ഷം പേരുള്‍പ്പെടുന്ന കരുതല്‍സേനയെ യുക്രൈനിലേക്ക് അയയ്ക്കുമെന്നു പ്രസിഡന്റ് വല്‍ദിമിര്‍ പുടിന് പ്രഖ്യാപിച്ചതിനേത്തുടര്‍ന്നു രാജ്യം വിടാന്‍ റഷ്യന്‍ വിമാനത്താവളങ്ങളില്‍ വന്‍തിരക്കായിരുന്നു. ഇതേത്തുടര്‍ന്ന്, 18-65 പ്രായപരിധിയിലുള്ളവര്‍ക്കു സര്‍ക്കാര്‍ യാത്രാനുമതി നിഷേധിക്കുകയും ചെയ്തു.
യുക്രൈനില്‍ നിര്‍ബന്ധിത സൈനികസേവനത്തിനായി 10 ലക്ഷം പേരെ നിയോഗിക്കാനാണു നീക്കമെന്ന സ്വതന്ത്രമാധ്യമ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വക്താവ് ദ്മിത്രി പെസ്കോവ് നിഷേധിച്ചു. നിര്‍ണായകപ്രാധാന്യമുള്ള ചില തൊഴില്മേഖലകളില്നിന്നുള്ളവരെ കരുതല്സേനയില്നിന്ന് ഒഴിവാക്കുമെന്നും പ്രതിരോധമ്രന്താലയം വ്യക്തമാക്കി. ഐ.ടി, ടെലികമ്യൂണിക്കേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സാമ്പത്തികസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് ഇളവ്. ഇതുസംബന്ധിച്ച് ജീവനക്കാരുടെ പട്ടിക അതതു സ്ഥാപനങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കണം. കഴിഞ്ഞ ദിവസം പുടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയില്‍നിന്ന് ഒട്ടനവധി പേര് രാജ്യം വിട്ടതായി
അതിനിടെ, കരുതല്സേനയിലേക്ക് യുവാക്കളെ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റേതെന്ന പേരില്‍ ധാരാളം ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, പുടിന് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധവും ശക്തമായി. റഷ്യയിലെ പ്രമുഖ നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു. 1300 ഓളം പേരെ കസ്റ്റഡിയിലെടുത്തു. ഇവരോടും കരുതല്സേനാ റിക്രൂട്ട്മെന്റ് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിദേശമുണ്ട്.

