മോസ്കോ: യുക്രൈനെതിരായ യുദ്ധത്തിനായി റിസര്‍വ് സൈന്യത്തെ തയാറാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, രാജ്യത്തു നിന്നു ജനങ്ങള്‍ അയല്‍രാജ്യങ്ങളിലേക്ക് പറക്കുന്നു. രാജ്യത്തു നിന്നു പുറത്തേക്കുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കിങ് പൂര്‍ണമായി. അയല്‍രാജ്യങ്ങളായ അര്‍മേനിയ, ജോര്‍ജിയ, അസർബൈജാന്, കസാഖ്സ്ഥാന് തുടങ്ങിയ രാജ്യങ്ങളിലേക്കു നേരിട്ടുള്ള വിമാനസര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാരേറെ. മംഗോളിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ അതിര്‍ത്തികളില്‍ റഷ്യയില്‍ രക്ഷപ്പെടാനുള്ളവരുടെ ക്യൂ രൂപപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍ അവകാശപ്പെട്ടു. പട്ടാളനിയമം നടപ്പാക്കിയേക്കുമെന്ന ഭീതിയാണ് ജനങ്ങളെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നത്.അതേസമയം, 18 നും 65 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്ക്കു ടിക്കറ്റ് നല്കരുതെന്നു സര്‍ക്കാര്‍ റഷ്യന്‍ എയർലൈന്‍സുകള്‍ക്കു നിര്‍ദേശം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമേ യുവാക്കള്‍ക്ക് രാജ്യം വിടാന്‍ കഴിയൂ. മൂന്നു ലക്ഷം പേരെ സൈനികസേവനത്തിനായി വിളിക്കുമെന്നു റഷ്യന്‍ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൈനികസേവനത്തിനു തയാറായില്ലെങ്കില്‍ കനത്ത ശിക്ഷയുണ്ടാകുമെന്നു പൗരന്മാര്ക്കു റഷ്യ മുന്നറിയിപ്പ് നല്‍കിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ അവകാശവാദം. സൈനിക സേവനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശരീരത്തില്‍ മുറിവുണ്ടാക്കുന്നവര്ക്കെതിരേയും നടപടിയെടുക്കും.ഭര്‍ത്താവിനെ യുദ്ധമുന്നണിയിലേക്കു തള്ളിവിടാതിരിക്കാന്‍ കാല് ഒടിക്കാന്‍ പോലും തയാറാണെന്നു പ്രഖ്യാപിക്കുന്ന ഭാര്യമാരുടെ വീഡിയോകളും ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. വിദേശ യാത്ര ടിക്കറ്റിന് അപേക്ഷിച്ച 25-35 വയസ് പ്രായമുള്ളവരെ അധികാരികള്‍ ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരം തൃപ്തികമല്ലെങ്കില്‍ അവരെ കസ്റ്റഡിയിലെടുക്കുകയാണത്രേ. അതിനിടെ, യുക്രൈനിലെ ലുഹാന്‍സ്ക്, ഡൊണെസ്ക് പ്രവിശ്യകള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ക്കുന്നതിന് അനുമതി തേടി ആ മേഖലകളില്‍ ഈയാഴ്ച അവസാനം ഹിതപരിശോധന നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
യുദ്ധത്തിനെതിരേ റഷ്യന്‍ നഗരങ്ങളില്‍ പ്രക്ഷോഭം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബർ 22 ന് 38 നഗരങ്ങളില്‍ നിന്നായി 1,386 യുദ്ധ വിരുദ്ധ പ്രക്ഷോഭകരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് തള്ളി. പരാജയം ഭയന്നു യു.എസ്. അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനെ അവര്‍ നാശത്തിലേക്കു തള്ളിവിടുകയാണ്.യുക്രൈനില്‍ ആയുധങ്ങള്‍ നിറച്ചാലും അന്തിമ വിജയം തങ്ങള്‍ക്കാകുമെന്ന് അദ്ദേഹം പറഞ്ഞു.

