പാലാ: താന്‍ ബി.ജെ.പി.യില്‍ ചേരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ബി.ജെ.പിയിലേയ്ക്കെന്നല്ല മറ്റൊരു മുന്നണിയിലേക്കും താനില്ല. പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പാലായിലെ കോണ്‍ഗ്രസുകാരുടെ അഭിപ്രായം ചോദിച്ചാല്‍ ഉത്തരം കിട്ടുമെന്ന് കാപ്പന്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തിലെ അഭിപ്രായം കോണ്‍ഗ്രസിന്റേതാണ്. അത് പറയാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. വിഷയം യു.ഡി.എഫില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ല. വന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം പറയും. യു.ഡി.എഫില്‍ ഡി.സി.കെയ്ക്കു അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് താന്‍ വോട്ടു ചെയ്തിട്ടില്ല. അത് യു.ഡി.എഫിന്റെ നയത്തിന്റെ ഭാഗമാണ്. വോട്ടു ചെയ്തിരുന്നുവെങ്കില്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവം തനിക്കുണ്ട്. പാലാക്കാര്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് കോട്ടം വരുത്തുകയില്ല. ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഇട്ടെറിഞ്ഞ് മാറി മാറി പോകാന്‍ താനില്ല. അഭ്യൂഹങ്ങളും വ്യാജ പ്രചരണങ്ങളും തനിക്കെതിരെ ആസൂത്രിതമായി നടക്കുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് അഭ്യൂഹക്കാര്‍ മന്ത്രി ശശീന്ദ്രനെ മാറ്റി തന്നെ എല്‍.ഡി.എഫില്‍ എത്തിച്ചു മന്ത്രിയാക്കിയിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു.
പാലായുടെ വികസനം അട്ടിമറിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം ശ്രമിക്കുകയാണെന്ന് മാണി സി. കാപ്പന്‍ കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കീഴിലുള്ള ജലവിഭവ വകുപ്പിനു കീഴിലെ പദ്ധതി പോലും നടപ്പാക്കുന്നില്ല. പാലായുടെ വികസനത്തിനായി ആരുമായി സഹകരിക്കും. നാടിന്റെ വികസനത്തിനു രാഷ്ട്രീയമില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, പ്രഫ. സതീഷ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, തോമസ് ആര്‍.വി. ജോസ്, ജിമ്മി ജോസഫ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

