ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതക കേസ് എൻഎഐക്ക് . എൻഐഎ ക്ക് കേസ് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിർത്തിക്ക് സമീപം ബെള്ളാരയിൽ നിന്നാണ് രണ്ടു പ്രതികളും പിടിയിലായത്. കേരള രജിസ്ട്രേഷൻ ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കിർ, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിൽ ആയവരുടെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്. കേരള രജിസ്ട്രേഷൻ ഉള്ള ബൈക്ക് കർണാടക പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. കാസർകോടിലേക്കും, കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകം എന്നാണ് ബിജെപി ആരോപണം. കനയ്യലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീൺ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകം എന്നാണ് ബിജെപി ആരോപിക്കുന്നത്. അഞ്ചു ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദ് എന്ന 19 കാരൻ മംഗളൂരുവിൽ കൊല്ലപ്പെട്ടിരുന്നു.
ഇതിൻറെ പ്രതികാരമായാണോ കൊലപാതകം എന്ന് പോലീസ് അന്വേഷിക്കുകയാണ്. യുവമോർച്ച പ്രവർത്തകർ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം നേടിയിരുന്നു. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് എതിരെ കർണാടക കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഈ സംഘടനകൾക്ക് എതിരെ യുപി മോഡൽ നടപ്പാക്കാൻ മടിക്കില്ലെന്ന് ബസവരാജ് ബൊമ്മെ 28/07/22 വ്യാഴാഴ്ച പറഞ്ഞു. ആസൂത്രിത നീക്കങ്ങൾ തടയാൻ സ്വതന്ത്ര ചുമതലയുള്ള കമാൻഡ് സ്ക്വാഡിന് കർണാടക സർക്കാർ രൂപം നൽകി.

